അഭിമന്യു വധം: കൊലയാളികളെ എത്തിച്ചത് റിഫകൊച്ചി > മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്താന്‍ കൊലയാളി സംഘത്തെ സംഘടിപ്പിച്ചത് ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ. കൊലയാളികളെ എത്തിക്കുന്നതിലും കൊലയ്ക്ക് ശേഷം പ്രതികളെ രക്ഷപ്പെടുത്താനും നേതൃത്വം നല്‍കിയെന്ന് അന്വേഷക സംഘത്തിന്റെ ചോദ്യംചെയ്യലില്‍ റിഫ സമ്മതിച്ചതായാണ് സൂചന. മറ്റൊരു പ്രതിയായ സനീഷിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. അഭിമന്യുവിനെ കുത്തിവീഴ്ത്തുന്ന സമയത്ത് റിഫയുണ്ടായിരുന്നോയെന്ന് കൂടുതല്‍ ചോദ്യം ചെയ്താലെ വ്യക്തമാകുവെന്ന് എസിപി ലാല്‍ജി പറഞ്ഞു. എറണാകുളം നോര്‍ത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന കൊച്ചിന്‍ ഹൗസ് കേന്ദ്രീകരിച്ചായിരുന്നു കലാപം ആസൂത്രണം ചെയ്തത്. വിവിധ ജില്ലകളിലുള്ള കൊലയാളി സംഘത്തെ സംഘടിപ്പിച്ചതും സംഭവ ദിവസം മഹാരാജാസിലെത്തിച്ചതും റിഫയാണ്.  കൊലയ്ക്ക് ശേഷം പ്രതികള്‍ രക്ഷപ്പെട്ടുവെന്ന് ഉറപ്പാക്കിയതും ഇയാളാണ്. പൂത്തോട്ടയിലെ സ്വകാര്യ ലോ കോളേജില്‍ വിദ്യാര്‍ഥിയായ റിഫ, മഹാരാജാസ് കോളേജിലെ സംഭവത്തിന് രണ്ട് ദിവസം മുമ്പ് കോളേജില്‍ നിന്ന്‌ മുങ്ങി. തുടര്‍ന്നാണ് കൊലയാളികളെ എത്തിച്ചത്. പൊലീസ് ചോദ്യംചെയ്യലില്‍ പല കാര്യങ്ങളും മറച്ചുവച്ചാണ് റിഫയുടെ പെരുമാറ്റം. നാലുവരെയാണ് റിഫയെയും സനീഷിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിട്ടുള്ളത്. ഇതിനിടെ ഇരുവരെയും കൊണ്ട് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. റിഫ ഉപയോഗിച്ച മൊബൈല്‍ ഫോണും കണ്ടെത്തണം. പോപ്പുലര്‍ ഫ്രണ്ടിന്റെ ട്രേഡ് യൂണിയന്‍ വിഭാഗത്തിന്റെ ചുമതലക്കാരനായ സനീഷാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കത്തി വീശി ഭീഷണിപ്പെടുത്തിയത്.   Read on deshabhimani.com

Related News