കൂട്ടിയിടി ഒഴിവാക്കാൻ കടലിൽ സുരക്ഷാ ഇടനാഴി വരുന്നുകൊച്ചി മീൻപിടിത്ത ബോട്ടുകളുമായി കടലിൽ കൂട്ടിയിടിക്കുന്നത‌് ഒഴിവാക്കാൻ വാണിജ്യ കപ്പലുകൾക്ക്‌ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത‌് സുരക്ഷാ ഇടനാഴിയൊരുങ്ങുന്നു. കടൽ തീരത്ത‌് നിന്നും 15 നോട്ടിക്കൽ മൈലിനും 20 നോട്ടിക്കൽ  മൈലിനും ഇടയിലാണ‌് ഇടനാഴി രൂപകൽപ്പന ചെയ്യുന്നതെന്ന‌് തീര സംരക്ഷണ സേന വ്യക്തമാക്കി. ഗുജറാത്തിലെ റാൻ ഓഫ‌് കച്ചിൽ നിന്നാരംഭിച്ച‌് കാംബെ, മഹാരാഷ‌്ട്ര, ഗോവ, കർണാടക, കേരള തീരം വഴി കന്യാകുമാരിയിലെത്തും വിധമാണ‌് ഇടനാഴിയുടെ രൂപകൽപ്പന. അറബിക്കടലിൽ, പ്രത്യേകിച്ച‌് കേരള തീരത്ത‌് കപ്പലുകളും മീൻപിടിത്ത ബോട്ടുകളും വള്ളങ്ങളും കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ‌് സുരക്ഷാ ഇടനാഴി സംബന്ധിച്ച‌് ചർച്ചയായതെന്ന‌് ഷിപ്പിങ‌് ഡയറ‌ക‌്ടർ ജനറൽ വ്യക്തമാക്കി. ഇത‌് സംബന്ധിച്ച‌് രണ്ടാഴ‌്ചയ‌്ക്കുള്ളിൽ തീരുമാനമാകുമെന്നാണ‌് വിവരം. അന്താരാഷ‌്ട്ര സമുദ്ര വ്യാപാര നിയമങ്ങൾക്കനുസൃതമായിട്ടായിരിക്കും ഇടനാഴി തയ്യാറാക്കുക. മീൻപിടിത്ത തൊഴിലാളികളുടെ ജീവനോപാധികൾ സംരക്ഷിച്ചായിരിക്കും ഇടനാഴിയുടെ പ്രഖ്യാപനമുണ്ടാവുക. ഇത‌് സംബന്ധിച്ച‌് സംസ്ഥാന ഫിഷറീസ‌് വകുപ്പുമായി ചർച്ച നടത്തി. മീൻ ലഭ്യതയുള്ള മേഖലകൾ ഇടനാഴിക്കുള്ളിൽ വരുംവിധമാണ‌് ഇടനാഴിയുടെ രൂപരേഖ. ഒാരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ച‌് ഇടനാഴിയുടെ ഘടനയിൽ മാറ്റമുണ്ടാകും. കേരളത്തിലെ മീൻപിടിത്ത ബോട്ടുകൾ രജിസ‌്റ്റർ ചെയ‌്തിട്ടുള്ളവയാണ‌്. കളർ കോഡിങ്ങും പാലിക്കുന്നുണ്ട‌്. എന്നാൽ കടലിൽ പോകുമ്പോൾ തൊഴിലാളികൾക്ക‌് ആവശ്യമായ ജീവൻ രക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കുന്നില്ലെന്ന‌് തീര സംരക്ഷണ സേന ചൂണ്ടിക്കാട്ടി. തൊഴിലാളികൾ വാർത്താ വിനിമയ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അടിസ്ഥാന അറിവ‌് നേടേണ്ടതുണ്ടെന്നും സേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. Read on deshabhimani.com

Related News