എല്ലാത്തരം സ്വേച്ഛാധിപത്യങ്ങളെയും മറികടന്നാണ് ലോകത്ത് സ്വതന്ത്രചിന്തയും എഴുത്തും നിലനിന്നത്; എസ് ഹരീഷ് തീരുമാനം പുനപരിശോധിക്കണം: പുരോഗമന കലാസാഹിത്യസംഘംതിരുവനന്തപുരം > നോവലിസ്റ്റ് എസ് ഹരീഷിനുനേരെയുള്ള സംഘപരിവാര്‍  ഭീഷണി എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിനുമേലുള്ള വര്‍ഗീയതയുടെ ആക്രമമാണെന്ന് പുരോഗമന കലാസാഹിത്യസംഘം. എസ് ഹരീഷിനും കുടുംബാംഗങ്ങള്‍ക്കും നേരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അതിനീചമായ ആക്രമണമാണുണ്ടായത്. അതിനെത്തുടര്‍ന്നാണ് ഹരീഷ് നോവല്‍ പ്രസിദ്ധീകരണം പിന്‍വലിച്ചത്.  സംഘപരിവാരം ഉത്തരേന്ത്യയില്‍ മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ ഒരു ഓണ്‍ലൈന്‍ പതിപ്പാണ് ഈ സാമൂഹ്യമാധ്യമ വേട്ട. സര്‍ഗാവിഷ്‌കാരസ്വാതന്ത്ര്യത്തിന് വര്‍ഗീയത വരയ്ക്കുന്ന ഈ നിയന്ത്രണത്തില്‍ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും  പുകസ അറിയിച്ചു. ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് ഇതിനെ നേരിട്ട് പിടിച്ചു നില്‍ക്കുക എളുപ്പമല്ല. ഈ അവസരത്തില്‍ എസ് ഹരീഷിന് പുരോഗമനകലാസാഹിത്യസംഘം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റെടുത്തതു മുതലാണ് കലാകാരുടെയും ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും സ്വതന്ത്രചിന്തകരുടെയും സ്വാതന്ത്ര്യത്തിനുമേല്‍ ഇത്തരം വര്‍ഗീയ ഭീഷണി ഉയരുന്നത്. എഴത്തുകാരുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമേല്‍ ഇത്തരം ഭീഷണി ഉയരില്ല എന്നു കരുതിയിരുന്ന  കേരളത്തില്‍ പോലും ഇത്തരം ഭീഷണി ഉയരുന്നത് പുരോഗമന കേരളം ഗൗരവമായി കാണുന്നു. എഴുത്തുകാരെഴുതുമ്പോള്‍ ആരുടെയെങ്കിലും സാമുദായവികാരം വ്രണപ്പെട്ടു എന്ന ആരോപണമുന്നയിക്കാന്‍ ഇടയാവുമോ എന്ന് പേടിച്ച് എഴുതേണ്ട സാഹചര്യമാണിത്. ഇന്ത്യയിലെ എല്ലാ വര്‍ഗീയവാദികളും എഴുത്തുകാരുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ഭേദമില്ല അതിന്. പല ജാതി വിഭാഗങ്ങളും തങ്ങളുടെ ഇഷ്ടപ്രകാരമല്ല കൃതി എന്ന ആരോപണവുമായി തെരുവിലിറങ്ങുന്നു. എല്ലാത്തരം സ്വേച്ഛാധിപത്യങ്ങളെയും മറികടന്നാണ് ലോകത്ത് സ്വതന്ത്രചിന്തയും എഴുത്തും കലയും നിലനിന്നത്. മനുഷ്യവംശം ഉള്ളിടത്തോളം സ്വതന്ത്രമായ സര്‍ഗാവിഷ്‌കാരം ഉണ്ടാവുകയും ചെയ്യും. അതിനെ തടയാമെന്നു കരുതിയവരെല്ലാം തെറ്റെന്ന് തെളിഞ്ഞു. ഇന്ത്യയും സംഘപരിവാറിന്റെ ഈ ഫാസിസ്റ്റിക് കാലത്തെ അതിജീവിക്കും എന്ന് പുരോഗമനകലാസാഹിത്യസംഘം ഉറച്ചു വിശ്വസിക്കുന്നു. നോവല്‍ പ്രസിദ്ധീകരണം നിറുത്തി വച്ച തീരുമാനം എസ് ഹരീഷ് പുനപരിശോധിക്കണമെന്നും സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങാതെ നോവല്‍  പ്രസിദ്ധീകരണം പൂര്‍ത്തിയാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഇക്കാര്യത്തില്‍ കേരളത്തിലെ പുരോഗമന സമൂഹം മുഴുവന്‍ ഹരീഷിനോടൊപ്പമുണ്ടാകുമെന്നും പുകസ അറിയിച്ചു.   Read on deshabhimani.com

Related News