പണപ്പെരുപ്പം : റിപ്പോനിരക്കുകൾ വീണ്ടും ഉയർത്തിന്യൂഡൽഹി രാജ്യത്ത് പണപ്പെരുപ്പം രൂക്ഷമായ സാഹചര്യത്തിൽ റിസർവ്ബാങ്ക് റിപ്പോനിരക്കുകൾ വീണ്ടും ഉയർത്തി. വാണിജ്യബാങ്കുകൾക്ക്  നൽകുന്ന ഹൃസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ കാൽ ശതമാനം വർധിപ്പിച്ച് 6.50 ശതമാനമാക്കി. വാണിജ്യബാങ്കുകളിൽനിന്ന് റിസർവ്ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ പലിശനിരക്കായ റിവേഴ്സ് റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി 6.25 ശതമാനമാക്കി. തുടർച്ചയായി രണ്ട് തവണ റിപ്പോനിരക്കുകൾ ഉയർത്തുന്നത് അഞ്ച് വർഷത്തിനിടെ ഇതാദ്യം. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള മോഡിസർക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് വെളിപ്പെടുത്തുന്നതാണ് റിസർവ്ബാങ്ക്  പണനയ അവലോകനസമിതിയുടെ തീരുമാനം. റിപ്പോനിരക്ക് കൂട്ടിയതോടെ  ഓഹരിവിപണികളിലും ഇടിവുണ്ടായി. റിപ്പോനിരക്കുകളിലെ വർധന ഭവന, വാഹന വായ്പ പലിശ നിരക്കുകൾ ഉയരാൻ കാരണമാകും. ഇതോടെ വായ്പകളോട് ഇടപാടുകാർ മുഖം തിരിക്കുകയും വിപണിയിൽ പ്രതിസന്ധി രൂപംകൊള്ളുകയും ചെയ്യും. നോട്ടുനിരോധനത്തിലും ജിഎസ്ടിയിലും ഉലഞ്ഞ വിപണിക്കുമേൽ പലിശനിരക്കുകളിലെ വർധന കടുത്ത ആഘാതമാകും. നിർമിതോൽപ്പന്ന മേഖലയിൽ ആശാവഹമായ സ്ഥിതിയല്ലെന്ന് റിസർവ്ബാങ്ക് സർവേയിൽ കണ്ടെത്തി. മൊത്തം ധനസ്ഥിതി മോശമായി. ബിസിനസ് പ്രതീക്ഷാസൂചിക 2017‐18ലെ അവസാനപാദത്തിൽ 112.4 ആയിരുന്നെങ്കിൽ നടപ്പുവർഷം ആദ്യപാദത്തിൽ 108.4 ആയി ഇടിഞ്ഞു. ഡോളറുമായി രൂപയുടെ വിനിമയമൂല്യം ഇടിയുകയും ഇന്ധന വിലവർധന തുടരുകയും ചെയ്യുന്നതിനാൽ പണപ്പെരുപ്പം ക്രമാതീതമാവുകയാണ്. ഉൽപ്പാദനച്ചെലവ് ഉയർന്നതിനാൽ  വാഹനനിർമാണ കമ്പനികൾ ഈ മാസംമുതൽ എല്ലാ മോഡലുകളുടെയും വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി, ടാറ്റ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ കമ്പനികളാണ് വില വർധിപ്പിക്കുമെന്ന് അറിയിച്ചത്. രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവാണ് ഉൽപ്പാദനച്ചെലവ് കൂടാനുള്ള പ്രധാനകാരണം. റിപ്പോനിരക്കുകൾ കുറച്ച് വായ്്പകൾ പ്രോത്സാഹിപ്പിക്കാൻ റിസർവ്ബാങ്കിനുമേൽ കേന്ദ്രത്തിന്റെ സമ്മർദമുണ്ടായിരുന്നു. എന്നാൽ, കുറഞ്ഞ പലിശനിരക്ക് താങ്ങാനുള്ള ആരോഗ്യം സമ്പദ്ഘടനയ്ക്കില്ലെന്നാണ് രഘുറാം രാജൻ ഗവർണറായിരിക്കെ തന്നെ റിസർവ് ബാങ്ക് നിലപാട് സ്വീകരിച്ചത്. ഇതേത്തുടർന്ന് അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി അടക്കമുള്ളവർ രഘുറാം രാജനോട് പരസ്യമായി അമർഷം പ്രകടിപ്പിച്ചു. രഘുറാം രാജൻ ഒഴിവായശേഷം പണാവലോകനത്തിൽ സർക്കാരിനു കൂടുതൽ ഇടപെടാൻ കഴിയുന്ന വിധത്തിൽ ആറംഗസമിതി രൂപീകരിച്ചു. ഈ സമിതി പണനയം രൂപപ്പെടുത്താൻ തുടങ്ങിയ ശേഷവും സർക്കാർ ആഗ്രഹിക്കുന്ന രീതിയിൽ നിരക്ക് കുറയ്ക്കാൻ കഴിയുന്നില്ല. സമ്പദ്ഘടനയുടെ സ്ഥിതി അത്രത്തോളം മോശമാണെന്ന് ഇതിൽ നിന്ന് വ്യക്തം. ആറംഗസമിതിയിലെ അഞ്ചുപേരും നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ടു. രണ്ട് മാസം മുമ്പ്  റിപ്പോനിരക്കുകൾ കൂട്ടിയപ്പോൾ വായ്പാ പലിശനിരക്കുകൾ ഉയർന്നിരുന്നു. ജൂണിൽ രാജ്യത്ത് മൊത്തവ്യാപാരവിപണിയിലെ പണപ്പെരുപ്പം അഞ്ച് വർഷത്തെ ഏറ്റവും ഉയർന്നനിരക്കിലായി. 5.77 ശതമാനം പണപ്പെരുപ്പമാണ് ജൂണിൽ രേഖപ്പെടുത്തിയത്. 2013 ഡിസംബറിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ധനവിലക്കയറ്റം തൊട്ടുമുൻമാസം 11.2 ശതമാനമായിരുന്നത് ജൂണിൽ 16.2 ആയി കുതിച്ചുയർന്നു. കഴിഞ്ഞ മെയിൽ 4.43 ശതമാനമായിരുന്നു മൊത്തവ്യാപാര വിപണിയിലെ പണപ്പെരുപ്പം. 2017 ജൂണിൽ 3.53 ശതമാനവും. ചില്ലറവ്യാപാര വിപണിയിലെ പണപ്പെരുപ്പവും അഞ്ച് ശതമാനമായി ഉയർന്നിട്ടുണ്ട്. പണപ്പെരുപ്പം വീണ്ടും ഉയരാൻ ഒട്ടേറെ ഘടകങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പണാവലോകന സമിതി വിലയിരുത്തി.  എണ്ണവിലയിൽ രാജ്യാന്തരരംഗത്തുതന്നെ അനിശ്ചിതത്വമാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതുക്കിയ മിനിമം താങ്ങുവില പണപ്പെരുപ്പത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം പൂർണമായി തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അമേരിക്ക ഉൾപ്പടെ പല രാജ്യങ്ങളും ഉയർത്തുന്ന സംരക്ഷണവാദം ഇന്ത്യയിലെ ഭാവി നിക്ഷേപസാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി. സമിതിയുടെ അടുത്ത യോഗം ഒക്ടോബർ മൂന്നു മുതൽ അഞ്ച് വരെ ചേരും. Read on deshabhimani.com

Related News