കേരളത്തെ അപമാനിച്ച അര്‍ണാബിനെ വിടാതെ മലയാളികള്‍; ചാനല്‍ ആപ്പിനും റേറ്റിഗ് കുറച്ച് പ്രതിഷേധംകൊച്ചി > പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന  കേരളത്തെയും മലയാളികളെയും അപമാനിച്ച അര്‍ണാബ് ഗോ സ്വാമിയെ വിടാതെ മലയാളികള്‍. ചാനല്‍ ചര്‍ച്ച നടത്തിയ റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജിലും അര്‍ണാബിന്റെ പേജിലും പ്രതിഷേധമറിയിച്ച മലയാളികള്‍ ഇപ്പോള്‍ റിപ്പബ്ലിക്ക് ടിവിയുടെ ആപ്പിന് ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറിലും റേറ്റിംഗ് കുറച്ച് കൊണ്ടിരിക്കുകയാണ്. ചാനലിന്റെ പ്ലേസ്റ്റോറിലെ റേറ്റിംഗ് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ റിപ്പബ്ലിക്ക് ചാനലിനെതിരെ പ്രതിഷേധിക്കുന്നത്. നിലവില്‍ ഇന്ന് രാവിലെ 1.8 ആണ് ആപ്പിന്റെ റേറ്റിങ്ങ്. സംഘപരിവാര്‍ ആഭിമുഖ്യം പുലര്‍ത്തുന്ന അര്‍ണാബിന്റെ ചാനലായ റിപ്പബ്ലിക്ക് ടിവിയില്‍  കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന. 'നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് ഇത്' എന്നായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന.  യുഎഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു അര്‍ണാബ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്. കേരളത്തെ കരിവാരി തേക്കാന്‍ കൂട്ടുനിന്ന അര്‍ണാബിനും ചാനലിനുമെതിരെ മലയാളികള്‍ ഒറ്റ കെട്ടായി പ്രതികരിക്കുകയാണ്. കേരളത്തില്‍ പ്രളയം വന്ന സമയത്ത് യാതൊരു വിധപരിഗണനയും നല്‍കാത്ത അര്‍ണാബിനും  ചാനലിനുമെതിരെ വലിയ രീതിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്.  അര്‍ണാബ് വേയ്സ്റ്റ് ജേര്‍ണലിസ്റ്റ് ഇന്‍ ഇന്ത്യ, പ്രൗഡ് ടു ബി എ കേരള തുടങ്ങി നിരവധി ഹാഷ്ടാഗുകളിലായി രൂക്ഷവിമര്‍ശനമാണ് മലയാളികള്‍ ഉന്നയിക്കുന്നത്. നാടിന്റെ നന്മയും ആപത്ത് വരുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന മലയാളികളുടെ കരുത്തിനേയും പ്രകീര്‍ത്തിച്ചും ബിജെപിക്കെതിരെ വിമര്‍ശനമുന്നയിച്ചുമാണ് പ്രതിഷേധം ഉയരുന്നത്. ഇതിനു മുമ്പും ചാനലിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. അന്ന് ഫേസ്ബുക്കില്‍ നിന്ന് റിവ്യു ബട്ടണ്‍ അധികൃതര്‍ നീക്കം ചെയ്തിരുന്നു. റിപ്പബ്ലിക്ക് ടിവിയുടെ തീവ്ര സംഘപരിവാര്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹല റാഷിദ് റിപ്പബ്ലിക്ക് ടിവിയോട് പ്രതികരിക്കില്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു.   Read on deshabhimani.com

Related News