ദുരിതാശ്വാസ ക്യാമ്പില്‍ ധനമന്ത്രിയും വാനമ്പാടിയുമെത്തി; സെന്‍ട്രല്‍ സ്‌കൂളില്‍ ആഘോഷതിമിര്‍പ്പ്

കെ എസ് ചിത്രയും തോമസ് ഐസക്കും ചേര്‍ന്ന് ക്യാമ്പിലെ കുട്ടികള്‍ക്ക് ഓണക്കോടി സമ്മാനിക്കുന്നു


ആലപ്പുഴ > ആലപ്പുഴയിലെ എസ്ഡിവി സെന്‍ട്രല്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഇന്നലെ തിരുവോണനാളില്‍ കുറെ നേരത്തേക്കെങ്കിലും ദുരന്തത്തിന്റെ ഓര്‍മകള്‍ മറന്ന് ഓണാഘോഷത്തില്‍ അമര്‍ന്നു. മലയാളത്തിന്റെ  വാനമ്പാടി കെ എസ് ചിത്ര ക്യാമ്പ് അംഗങ്ങള്‍ക്കൊപ്പം ഏറെ നേരം  ചെലവഴിച്ചു. ജോസി ആലപ്പുഴയുടെ  നേതൃത്വത്തില്‍ ഒര്‍ക്കസ്ട്ര കൂടി ഒരുങ്ങിയതോടെ സംഗീത വിരുന്നിന് അരങ്ങൊരുങ്ങി.  ചിത്ര പാടിത്തുടങ്ങിയതോടെ ക്യാമ്പിലെ മുഖങ്ങള്‍ക്ക് പുതുജീവന്‍. വിവിധ ക്യാമ്പുകളിലെ സന്ദര്‍ശം പൂര്‍ത്തിയാക്കി ഓണമാഘോഷിക്കാന്‍   ധനമന്ത്രി ടി എം തോമസ് ഐസക് കൂടി സ്‌കൂളിലെത്തിയതോടെ  ക്യാമ്പിന് ആഘോഷ പ്രതീതി.   മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്രയോട് ക്യാമ്പംഗങ്ങളില്‍ നിന്ന് പല പാട്ടുകള്‍ക്കായുള്ള ആവശ്യമുയര്‍ന്നു. സദസ്യരുടെ  ആവശ്യപ്രകാരം  'കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍' എന്ന് തുടങ്ങുന്ന  ഗാനം ആലപിച്ചു. 'പാടറിയേന്‍,  പാട്ട് അറിയേന്‍' എന്ന ഗാനം കൂടി പാടിയതോടെ സദസ് ഓണപ്പാട്ട് വേണമെന്നായി. ഓണപ്പാട്ടിന് ശേഷം  'രാജഹംസമേ' എന്ന ഹിറ്റ് ഗാനവും ആലപിച്ചു. എല്ലാവരും സന്തോഷമായിരിക്കാന്‍ ചിത്ര ആവശ്യപ്പെട്ടു. തുടര്‍ന്ന്  ധനമന്ത്രി തോമസ് ഐസക്കും കെ എസ് ചിത്രയും ക്യാമ്പ് അംഗങ്ങള്‍ക്കൊപ്പമിരുന്ന് ഓണസദ്യ ഉണ്ടു. ഓണം നമ്മുടെ പ്രിയപ്പെട്ട ആഘോഷമാണ് . ക്യാമ്പ് അംഗങ്ങള്‍ക്ക് കുറേസമയമെങ്കിലും സന്തോഷ നിമിഷങ്ങള്‍ പകരാന്‍ കഴിഞ്ഞത് പൊതുപ്രവര്‍ത്തകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും  അഭിമാനമാണ് നല്‍കുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കാളനും പായസവും ഉള്‍പ്പെടെയുള്ള സദ്യ മികച്ചതാണെന്ന് കൂടി അറിയിച്ചാണ് മന്ത്രിയും മലയാളത്തിന്റെ പ്രിയ ഗായികയും മടങ്ങിയത്. നേരത്തെ ക്യാമ്പില്‍ ചെണ്ടമേളം, അത്തപ്പൂക്കളമിടല്‍ തുടങ്ങിയവയും നടന്നു. Read on deshabhimani.com

Related News