മഴ മാറി; ട്രെയിൻ, കെഎസ‌്ആർടിസി സർവീസുകൾ പുനരാരംഭിച്ചുകൊച്ചി മഹാമാരിക്ക‌് ശേഷം എറണാകുളത്തുനിന്ന‌് കെഎസ്ആർടിസിയും റെയിൽവേയും ഞായറാഴ‌്ച സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു. കെഎസ‌്ആർടിസി തൃശൂർ, പാലക്കാട്, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലേക്കാണ‌് സർവീസ‌് ആരംഭിച്ചത‌്. എന്നാൽ  ഹൈറേഞ്ച‌് ഭാഗത്തേക്ക‌് സർവീസ‌് ആരംഭിക്കാനായിട്ടില്ല. തിരുവനന്തപുരത്തേക്ക് അരമണിക്കൂർ ഇടവിട്ട് ദേശീയപാതയിലൂടെ സർവീസുണ്ട്. കാഞ്ഞിരമറ്റം വഴി കോട്ടയത്തേക്ക‌ും സർവീസുകൾ തുടങ്ങിയിട്ടുണ്ട‌്. വൈറ്റില ഹബ്, മറ്റ‌് പ്രധാന സ‌്റ്റാൻഡ‌് എന്നിവിടങ്ങളിൽ തിരക്കേറി. എറണാകുളം നഗരത്തിൽ സ്വകാര്യ സർവീസ‌ുകൾ ആരംഭിച്ചിട്ടുണ്ട‌്. അധികം തിരക്കുള്ള സ്ഥലങ്ങിളിലേക്ക് കൂടുതൽ ബസ‌് അയച്ചു. വീടുകളിൽ വെള്ളം കയറിയതിനാൽ ജീവനക്കാരിൽ മിക്കവരും ദുരിതാശ്വാസ ക്യാമ്പിലായത‌് സർവീസ‌ിനെ ബാധിച്ചിട്ടുണ്ട‌്. ബസുകൾ മിക്കതും ബ്രേക്ക‌്ഡൗൺ ആയിട്ടുണ്ട‌്. ഇവ ഉടൻതന്നെ നന്നാക്കി റൂട്ടിലിറക്കും.50 ബസുകൾ രക്ഷാപ്രവർത്തനങ്ങൾക്ക് അയച്ചിട്ടുണ്ട‌്. തൃശൂർ, ആലുവ, മൂവാറ്റുപുഴ, പെരുമ്പാവൂർ, കോതമംഗലം ഭാഗത്തേക്കും സർവീസ‌് ആരംഭിച്ചിട്ടുണ്ട‌്. റോഡുകൾ തകർന്നതും മോശം കാലാവസ്ഥയും കാരണം കട്ടപ്പന, കുമളി, മൂന്നാർ ഭാഗങ്ങളിലേക്ക‌് സർവീസ‌് ആരംഭിച്ചിട്ടില്ല. എറണാകുളത്തുനിന്ന‌് ഷൊർണൂർ ഒഴികെയുള്ള റൂട്ടുകളിലേക്ക‌് ട്രെയിൻ സർവീസും ഭാഗികമായി ആരംഭിച്ചു. ചെന്നൈയിലേക്ക‌ുള്ള സർവീസ‌് തിരുനെൽവേലി വഴി തിരിച്ചുവിട്ടു. ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക‌് തിരിച്ചുപോകാൻ ഈ ട്രെയിനിൽ കയറിയതോടെ വൻ തിരക്കുമുണ്ടായി. എറണാകുളം കോട്ടയം തിരുവനന്തപുരം വഴിയും സർവീസ‌് പുനഃസ്ഥാപിച്ചു. തിരുവനന്തപുരം‐എറണാകുളം‐ആലപ്പുഴ ട്രെയിനുകളം ഓടിത്തുടങ്ങി. ചാലക്കുടി, കല്ലായി എന്നിവിടങ്ങളിൽ തടസ്സം നീക്കുന്നതോടെ തൃശൂർ ഭാഗത്തേക്കുള്ള ട്രെയിനുകളും സർവീസ‌് നടത്തും. ദുരിതാശ്വാസ ക്യാമ്പിലേക്ക‌് അരിയും മറ്റ‌് അവശ്യ വസ‌്തുക്കളെത്തിക്കുന്നതിന‌് നാല‌് കോച്ചുകൾ എത്തിച്ചു. ഇത‌് ചാലക്കുടിവരെ സർവീസ‌് നടത്താനാണ‌് ദക്ഷിണ റെയിൽവേ  അനുവാദം. എറണാകുളം സൗത്തിൽനിന്ന‌് കോച്ച‌് പുറപ്പെടും. സതേൺ റെയിൽവേ എംപ്ലോയിസ‌് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലും ഭക്ഷ്യസാധനങ്ങൾ എത്തിച്ചു.   Read on deshabhimani.com

Related News