പിഎസ‌്സി ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുംഒാൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുമെന്ന‌് പിഎസ‌്സി ചെയർമാൻ അഡ്വ. എം കെ സക്കീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറുമാസത്തിനകം നടപ്പാക്കാനാണ‌് തീരുമാനം. 14 ജില്ലയിലും  കേന്ദ്രങ്ങൾ സജ്ജമാക്കും. പത്തുലക്ഷത്തിനുമുകളിൽ അപേക്ഷകരുള്ള എൽഡി ക്ലർക്ക‌്, ലാസ‌്റ്റ‌് ഗ്രേഡ‌് സർവന്റ‌്സ‌്, സിവിൽ പൊലീസ‌് ഓഫീസർ പോലുള്ള തസ‌്തികകളിലേക്കുള്ള പരീക്ഷകൾ ഒഴികെയുള്ളവയാണ‌്   ഘട്ടംഘട്ടമായി ഓൺലൈൻ വഴിയാക്കുക. 40,000പേർക്ക‌് ഒരേസമയം  ഒാൺലൈനിലൂടെ പരീക്ഷ എഴുതാൻ സൗകര്യമൊരുക്കും. ഇതിനായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ‌്, സി ഡിറ്റ‌് എന്നിവയുടെ സഹായം തേടി. നിലവിൽ 3600 പേർക്ക‌് ഓൺലൈൻ പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ട‌്. മികച്ച കംപ്യൂട്ടർ ലാബ‌് സംവിധാനമുള്ള ‌എൻജിനിയറിങ്‌ കോളേജുകൾ, പോളിടെക‌്നിക്കുകൾ, ഐടിഐകൾ എന്നിവിടങ്ങളിലാണ‌് കേന്ദ്രങ്ങൾ ഒരുക്കുക. കേരള അഡ‌്മിനിസ‌്ട്രേറ്റീവ‌് സർവീസ‌് നിയമനത്തിനുള്ള പരീക്ഷകളുടെ നടത്തിപ്പിന‌് പിഎസ‌്സി സജ്ജമാണ‌്. ഉന്നത തസ‌്തികകളിൽ കേരളീയരായ കൂടുതൽ വിദ്യാസമ്പന്നർക്ക‌് ജോലിയിൽ പ്രവേശിക്കാൻ കെഎഎസ‌് സഹായകമാകും. വിവരണാത്മക എഴുത്തുപരീക്ഷ പുനരാരംഭിക്കും. ഇവയുടെ മൂല്യനിർണയത്തിനായി ഓൺ സ്ക്രീൻ മാർക്കിങ‌് സംവിധാനമാണ‌് ഏർപ്പെടുത്തുക.  ചോദ്യങ്ങൾ തയ്യാറാക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും ചെയർമാൻ പറഞ്ഞു. Read on deshabhimani.com

Related News