സംസ്ഥാനസേനകളുടെ സേവനം ഉദാത്തമാതൃക: മുഖ്യമന്ത്രി

സംസ്ഥാന സേനാവിഭാഗങ്ങൾക്കുള്ള അനുമോദനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരേഡ്‌ പരിശോധിക്കുന്നു


തിരുവനന്തപുരം പ്രളയരക്ഷാപ്രവർത്തനങ്ങളിൽ സംസ്ഥാനസേനകളുടെ സേവനം ഉദാത്തമാതൃകയെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുമിച്ചുനിന്നാൽ അസാധ്യമായത‌് ഒന്നുമില്ലെന്ന‌് തെളിയിക്കാൻ നമുക്ക‌് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതി നേരിടുന്നതിൽ പങ്ക് വഹിച്ച വിവിധ സേനാവിഭാഗങ്ങളെ അനുമോദിക്കുന്ന ചടങ്ങ‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതർച്ചകൂടാതെ രക്ഷാപ്രവർത്തനം നടത്തിയതുകൊണ്ടാണ‌് മാരകമായ അവസ്ഥയിലേക്ക‌് സംസ്ഥാനം പോകാതിരുന്നത‌്. സ്വന്തം വീട‌് ഉൾപ്പെടെ മുങ്ങിയിട്ടും ജനങ്ങളുടെ രക്ഷയ‌്ക്കുവേണ്ടി പ്രവർത്തിച്ച പൊലീസ‌്, ഫയർഫോഴ്സ‌് ഉൾപ്പെടെയുള്ള  ഉദ്യോഗസ്ഥരുടെ സേവനം വിലമതിക്കാനാകാത്തതാണ‌്. പൊലീസിനെക്കുറിച്ച‌് ജനങ്ങൾക്കുള്ള ധാരണ മാറ്റിയെടുക്കാനും ഇക്കാലയളവിലെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. ‘തങ്ങൾക്ക‌് ആശ്രയിക്കാവുന്നവരാണ‌് പൊലീസ‌്’ എന്ന‌ മനോഭാവത്തിലേക്ക‌് ജനം എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ്, ഫയർഫോഴ‌്സ‌്, വനം‐വന്യജീവി വകുപ്പ്, എക്സൈസ് വകുപ്പ്, ജയിൽ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നീ സേനാ വിഭാഗങ്ങളെയാണ് അനുമോദിച്ചത‌്. തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സേനാവിഭാഗങ്ങളുടെ സംയുക്ത പരേഡും അരങ്ങേറി. സംസ്ഥാന പൊലീസ് മേധാവി ലോക‌്നാഥ‌് ബെഹ്റ, ഫയർ ആൻഡ‌് റെസ‌്ക്യു സർവീസ് മേധാവി എ ഹേമചന്ദ്രൻ, എക‌്സൈസ‌് മേധാവി ഋഷിരാജ‌് സിങ‌്, വനം വന്യജീവി വകുപ്പ് മേധാവി പി കെ കേശവൻ, ജയിൽ മേധാവി ആർ ശ്രീലേഖ, മോട്ടോർ വാഹന വകുപ്പ് മേധാവി കെ പത്മകുമാർ എന്നിവർ അതത് സേനാവിഭാഗങ്ങൾക്കുള്ള ഉപഹാരം ഏറ്റുവാങ്ങി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുവേണ്ടി പൊലീസിന‌് ‘ഇസുസു മോട്ടോർ ഇന്ത്യ’ സംഭാവനചെയ‌്ത അഞ്ച‌് ഗുഡ‌്സ‌് ട്രക്കുകളുടെ താക്കോൽദാനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി കെ രാജു, ‌ശശി തരൂർ എംപി, കെ മുരളീധരൻ എംഎൽഎ, മേയർ വി കെ പ്രശാന്ത‌് തുടങ്ങിയവരും പങ്കെടുത്തു. ചീഫ‌് സെക്രട്ടറി ടോം ജോസ‌് അധ്യക്ഷനായി. Read on deshabhimani.com

Related News