മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് വന്‍പിന്തുണ; അഭ്യര്‍ത്ഥന ഏറ്റെടുത്ത് നിരവധി പ്രമുഖരുംകൊച്ചി > പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്‌ത 'സാലറി ചലഞ്ചി'ന് വന്‍പിന്തുണ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം വാഗ്ദാനം ചെയ്ത് നിരവധി പേര്‍ എത്തി. മുഖ്യമന്ത്രിയുടെ ആഹ്വാനം കേരളം ഏറ്റെടുത്തതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹ് സിംഗും രംഗത്തെത്തി. ദുരിതാശ്വാസ നിധിയിലേക്ക് മന്‍മോഹന്‍ സിംഗ് ഒരു മാസത്തെ ശമ്പളം നല്‍കും. എംപിമാരുടെ വികസനനിധിയില്‍ നിന്ന് ഒരുകോടി രൂപയും അദ്ദേഹം നല്‍കും. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌‌റ, റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, അഗ്‌നിശമന സേനാ മേധാവി എ ഹേമചന്ദ്രന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ തുടങ്ങിയവര്‍ ഒരുമാസത്തെ ശമ്പളം നല്‍കും. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്കു നല്‍കുമെന്ന് പ്രഖ്യാപിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍, വ്യവസായ മന്ത്രി ഇ പി ജയരാജന്‍, ധനമന്ത്രി തോമസ് ഐസക്, സാംസ്‌കാരിക മന്ത്രി ഏ കെ ബാലന്‍, ആരോഗ്യ മന്ത്രി കെ കെ ശൈലജ, ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, തദ്ദേശസ്വയംഭരണമന്ത്രി എ സി മൊയ്‌തീന്‍, തൊഴില്‍മന്ത്രി ടി പി രാമകൃഷ്‌ണന്‍, സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവരുടെ ഓഫീസ് ജീവനക്കാരും ഒരു മാസത്തെ ശമ്പളം നല്‍കും. കെഎസ്ഇബി ഓഫീസ്ഒ അസോസിയേഷന്‍ ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനകേരളത്തിലെ സിവില്‍ സര്‍വ്വീസിലെ ജീവനക്കാരും ഏറ്റെടുക്കുമെന്ന് എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറി റ്റി സി മാത്തുക്കുട്ടിയും പ്രസിഡന്റ് കെ സി ഹരികൃഷ്ണനും പറഞ്ഞു.  മുഖ്യമന്ത്രിയുടെ ആഹ്വാനം കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍  സ്വാഗതം ചെയ്‌തു. എല്ലാ സെക്രട്ടേറിയറ്റ് ജീവനക്കാരേയും ഈ മഹാ യജ്ഞത്തില്‍ പങ്കാളികളാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന കേരളം പുനസൃഷ്ടിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒര മാസത്തെ ശമ്പളം നല്‍കട്ടെ എന്നാണ് ഞായറാഴ്ച മുഖ്യമന്ത്രി ആഹ്വാനം ചെയ്ത‌ത്. ഒരുമാസത്തെ ശമ്പളം ഒന്നിച്ചു നല്‍കാന്‍ കഴിയാത്തവര്‍, മൂന്നുദിവസത്തെ ശമ്പളം വീതം പത്തുമാസത്തവണയായി നല്‍കാമെന്ന് ഫേസ്‌‌ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി കുറിച്ചിരുന്നു.   Read on deshabhimani.com

Related News