യുവജനങ്ങളുടെ സേവനം വിലമതിക്കാനാവാത്തത്; ഡ്രൈവര്‍മാരുടെ നെഞ്ചുറപ്പ് പലരെയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു: മുഖ്യമന്ത്രിതിരുവനന്തപുരം > പ്രളയക്കെടുതിയില്‍ അവിസ്മരണീയമായ സേവനം ചെയ്ത യുവജനങ്ങളെയും മോട്ടോര്‍ വാഹന ഉടമകളെയും ഡ്രൈവര്‍മാരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിന്റെ ദുരിതത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സ്വയമേവ മുന്നോട്ടുവന്നവരാണ് യുവതിയുവാക്കള്‍. ആരുടെയും പ്രത്യേക സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ സാഹസികമായി കുത്തൊഴുക്കിനെ അതിജീവിച്ചും എല്ലാ വെല്ലുവിളികളെയും തൃണവത്ഗണിച്ചും അവര്‍ കാണിച്ച ധീരത രക്ഷാ പ്രവര്‍ത്തനത്തിലെ തിളങ്ങുന്ന മറ്റൊരു അധ്യായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ യുവതികളും യുവാക്കളും നടത്തുന്ന സേവനവും വിലമതിക്കാനാവാത്തതാണ്. നമ്മുടെ യുവത്വം ത്യാഗസന്നദ്ധതയുടെയും സേവനതത്പരതയുടെയും മനുഷ്യ സ്നേഹത്തിന്റെയും പാതയില്‍ തന്നെയാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിച്ച അഭിമാനകരമായ മുഹൂര്‍ത്തങ്ങളായിരുന്നു അതില്‍ പലതും. നമ്മുടെ ഭാവി തലമുറ നമ്മുടെ ഉജ്ജ്വലമായ സംസ്‌കാരത്തിന്റെ പതാകവാഹകരാവുന്നു എന്നത് ഭാവിയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷ കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിന്റെ വിജയത്തിന് സഹായകമായി വര്‍ത്തിച്ച ഒരു ഘടകം മോട്ടോര്‍ വാഹന ഉടമകളുടെ സഹകരണമാണ്. ടിപ്പര്‍ ലോറികളും അതുപോലുള്ള വാഹനങ്ങളുമെല്ലാം ഗതാഗതയോഗ്യമല്ലാത്ത മേഖലകളില്‍ സാഹസികമായി നിലയുറപ്പിച്ചുകൊണ്ടാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അതില്‍ സേവനം അനുഷ്ഠിച്ച ഡ്രൈവര്‍മാരുടെ നെഞ്ചുറപ്പും കരളുറപ്പും പലരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഇവരുടെ സേവനത്തെയും സര്‍ക്കാര്‍ ഏറെ മാനിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.   Read on deshabhimani.com

Related News