മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേത്രരോഗ വിദഗ്ധരുടെ 50 ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജന്റ്‌സ് സമാഹരിച്ച തുക ജനറല്‍സെക്രട്ടറി ഡോ ശ്രീനി എടക്ലോണ്‍ മന്ത്രി കെ കെ ശൈലജക്ക് കൈമാറുന്നു.


തലശേരി > സംസ്ഥാനത്തെ പ്രളയബാധിതരെ സഹായിക്കാന്‍ അതിരുകളില്ലാത്ത സ്‌നേഹം പകര്‍ന്ന് രാജ്യത്തെ നേത്രരോഗ വിദഗ്ധരും. സംസ്ഥാനത്തെ നേത്രവിദഗ്ധരുടെ സംഘടനയായ കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജന്റ്‌സ് (കെഎസ്ഒഎസ്) അഭ്യര്‍ഥനപ്രകാരം രാജ്യമാകെയുള്ള നേത്രഡോക്ടര്‍മാര്‍ കേരളത്തിന് സഹായഹസ്തം നീട്ടി. ആദ്യഘട്ടത്തില്‍ സംഘടനയിലെ അംഗങ്ങളായ ഡോക്ടര്‍മാര്‍ നല്‍കിയ പത്ത്‌ലക്ഷം രൂപക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 41,49,600 രൂപകൂടി കെഎസ്ഒഎസ് സംഭാവന നല്‍കി. കതിരൂര്‍ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടന ചടങ്ങില്‍ കെഎസ്ഒഎസ് ജനറല്‍സെക്രട്ടറി ഡോ ശ്രീനി എടക്ലോണ്‍ മന്ത്രി കെ കെ ശൈലജക്ക് ചെക്ക് കൈമാറി. അഡ്വ എ എന്‍ ഷംസീര്‍ എംഎല്‍എ, ഡോ വനജരാഘവന്‍ എന്നിവരും പങ്കെടുത്തു. രാജ്യമാകെയുള്ള നേത്രരോഗ വിദഗ്ധര്‍ കെഎസ്ഒഎസിന്റെ ദുരിതാശ്വാസഫണ്ട് സമാഹരണവുമായി സഹകരിച്ചു. ദേശീയ സംഘടനയായ ഓള്‍ ഇന്ത്യാ ഓഫ്താല്‍മോളജിക്കല്‍ സൊസൈറ്റി (എഐഒഎസ്) പ്രളയദുരിതാശ്വാസത്തിനായി അഞ്ച്‌ലക്ഷം രൂപ നല്‍കി. ഇതര സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെ സംഭാധന കൂടാതെ തമിഴ്‌നാട്ടിലെ നേത്രരോഗ വിദഗ്ധരുടെ സംഘടനയായ ടിഎന്‍ഒഎയും സംഭാവന നല്‍കി. ഇപ്പോഴും കെഎസ്ഒഎസ് ഓഫീസിലേക്ക് സംഭാവന ലഭിക്കുന്നുണ്ട്. ബാക്കി തുക അടുത്ത ഘട്ടത്തില്‍ കൈമാറുമെന്ന് ജനറല്‍സെക്രട്ടറി ഡോ ശ്രീനി എടക്ലോണ്‍ അറിയിച്ചു. കെഎസ്ഒഎസും ജില്ല ഓഫ്താല്‍മിക്‌ ക്ലബുകളും പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. കെഎസ്ഒഎസ് പ്രളയബാധിത ജില്ലകളില്‍ ഒക്‌ടോബര്‍ ഏഴിന് സൗജന്യ സൗജന്യ നേത്രപരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. മരുന്നും കണ്ണട നഷ്ടപ്പെട്ടവര്‍ക്ക് കണ്ണടകളും സൗജന്യമായി നല്‍കും. പ്രളയമുണ്ടായ ഉടന്‍ സംഘടനയുടെ അഭ്യര്‍ഥന പ്രകാരം ബംഗളൂരു ശങ്കര കണ്ണാശുപത്രി യംഗ് ഇന്ത്യ എന്ന സംഘടനയുടെ സഹായത്തോടെ രണ്ട് ട്രക്ക് വഴിയും ഹെലികോപ്റ്റര്‍ വഴിയും സഹായങ്ങളെത്തിച്ചു. തമിഴ്‌നാട്ടിലുള്ള നേത്ര ഡോക്ടര്‍മാര്‍ ആയിരക്കണക്കിന് പുതപ്പുകളും നല്‍കിയിരുന്നു.   Read on deshabhimani.com

Related News