ആറാട്ടുപാറയിൽ പുതിയ ക്വാറിക്കുള്ള അനുമതി റദ്ദാക്കണം മീനങ്ങാടി കുമ്പളേരി  ആറാട്ടുപാറയിൽ  പുതിയ  ക്വാറിക്കുള്ള  പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന്  റോക്ക് ഗാർഡൻ  ടൂറിസം ക്ലബ്ബ്  ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.  വൻ ടൂറിസം സാധ്യതയുള്ളതാണ് ആറാട്ടുപാറ. ചരിത്ര പ്രാധാന്യമുള്ള മുനിയറകൾ, അപൂർവ്വ ജൈവവൈവിധ്യം,  ടൂറിസം ഡെസ്റ്റിനേഷൻ, മകുടപ്പാറ, പാറപ്പാലം, അഞ്ച് ഗുഹകൾ എന്നിവയൊക്കെ സമീപത്തുണ്ട്. എന്നാൽ ഇപ്പോൾ ഈ ഭാഗത്ത് സ്വകാര്യ ഭൂമിയിൽ നാല് ഏക്കറിൽ ക്വാറി തുടങ്ങാൻ  സ്റ്റേറ്റ് എൻവയൺമെന്റൽ ഇംപാക്ട്  അസ്സസ്മെന്റ് അതോറിറ്റി സ്വകാര്യവ്യക്തിക്ക് അനുമതി നൽകിയിരിക്കയാണ്.   2014 വരെ ഇവിടെ ക്വാറി പ്രവർത്തിച്ചിരുന്നു.  തുടർന്ന്  റോക്ക് ഗാർഡൻ ടൂറിസം ക്ലബ്ബ് ഇടപ്പെട്ട് നടത്തിയ ജനകീയ    പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇത് നിരോധിച്ചു.  മീനങ്ങാടി, അമ്പലവയൽ, വടുവൻചാൽ  സ്കൂളുകളിലെ എൻഎസ്എസ് വിദ്യാർഥികളെ ഉൾപ്പെടുത്തി പാറക്ക് മുകളിൽ മനുഷ്യചങ്ങലയും  സാഹസിക വിനോദയാത്രയും സംഘടിപ്പിച്ചിരുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 2017 മാർച്ച് 24ന്  ആറാട്ടുപാറയുടെ ഒരു കിലോമീറ്റർ പരിധിയിൽ ക്വാറി പ്രവർത്തനം നിരോധിച്ചു. കലക്ടറുടെ നിരോധന ഉത്തരവ് നിലനിൽക്കെ  ഇപ്പോൾ  സ്വകാര്യവ്യക്തിക്ക് അനധികൃതമായും വസ്തുതകൾ മറച്ചുവെച്ചും നിയമങ്ങളും ഉത്തരവുകളും ലംഘിച്ചുമാണ് അനുമതി നൽകിയത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ക്ലബ്ബ് നേതൃത്വം നൽകും.  പ്രസിഡന്റ് കെ പി ജേക്കബ്ബ്, സെക്രട്ടറി  എൻ കെ ജോർജ്, ബാബു, ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News