ഭക്ഷണമില്ലാത്തവർ ദുരന്തനിവാരണ കൺട്രോൾ റൂമിൽ അറിയിക്കണം കൽപ്പറ്റ മഴക്കെടുതിയിൽ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്നവർ ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂമിൽ അറിയിച്ചാൽ നിത്യോപയോഗസാധനങ്ങൾ എത്തിച്ച് നൽകുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ കേശവേന്ദ്രകുമാർ അറിയിച്ചു. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽചേർന്ന പ്രളയബാധിതരുടെ പുനരധിവാസം സംബന്ധിച്ച ആലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. പുനരധിവാസത്തിന് എന്തൊക്കെ സാമഗ്രികൾ കുറവുണ്ടെന്ന് ജില്ലാ ഉദ്യോഗസ്ഥർ കൺട്രോൾ റൂമിൽ അറിയിക്കണം. പഠനോപകരണങ്ങൾ പുസ്തകങ്ങൾ എന്നിവ നഷ്ടപ്പെട്ട വിദ്യാർഥികളുടെ കണക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ ശേഖരിക്കണം. ചൈൽഡ് ലൈൻ, ശിശുക്ഷേമ സമിതി, സ്കൂൾ കൗൺസിലർമാർ എന്നിവരെ ഏകോപിപ്പിച്ച് കുട്ടികളേയും രക്ഷിതാക്കളേയും സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന് മാനസിക പിന്തുണ നൽകുന്നതിനും വിദ്യാഭ്യാസ ഉപഡയറക്ടർ നടപടി സ്വീകരിക്കണം. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ നഷ്ടപ്പെട്ടവർക്കായി പഞ്ചായത്ത് തലത്തിൽ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. ക്യാമ്പിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നവരുടെ ഭവനങ്ങളുടെ സുരക്ഷിതത്വം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുമരാമത്ത് വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തും. ലൈഫ് മിഷൻ ജില്ലാ കോ‐ഓർഡിനേറ്റർക്കാണ് ഏകോപന ച്ചുമതല. വെള്ളം കയറിയ വീടുകളിലെ വൈദ്യുതീകരണ സംവിധാനം കെഎസ്ഇബി ഉദ്യോഗസ്ഥർ സന്നദ്ധ സംഘടനാ സാങ്കേതിക പ്രവർത്തകരുടെ സഹകരണത്തോടെ അടയന്തരമായി പരിശോധിച്ച് കണക്ഷൻ പുനസ്ഥാപിക്കണം. മീനങ്ങാടി പോളിടെക്നിക്, കൽപ്പറ്റ ഐടിഐ, കുടുംബശ്രീ, തൃക്കേപ്പറ്റ ഉറവ് എന്നി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പനമരത്ത് കെഎസ്ഇബി  ബുധനാഴ്ച പ്രവർത്തനം തുടങ്ങി.  സ്കൂൾ യൂണിഫോം തുണി  ലഭ്യമാക്കിയാൽ കുടുംബശ്രീ അപ്പാരൽ പാർക്ക് വഴി സൗജന്യമായി തയ്ച്ച് നൽകുമെന്ന് കോ‐ഓർഡിനേറ്റർ യോഗത്തിൽ അറിയിച്ചു. വീടും പരിസരവും തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ശുചിത്വമിഷൻ, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തെടെ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ അണുവിമുക്തമാക്കും. ഇതിനുള്ള അണുനാശിനികൾ ശുചിത്വമിഷൻ വിതരണം ചെയ്യും. ശുചീകരിക്കുമ്പോൾ നീക്കം ചെയ്യുന്ന മണ്ണ് പഞ്ചായത്ത് തലത്തിൽ സംഭിക്കുന്നതിന് സംവിധാനം ഒരുക്കും. വീട്ടിലേക്ക് മടങ്ങുന്നവർക്ക് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിത്യോപയോഗസാധനങ്ങളുടെ കിറ്റ് നൽകും. ആദിവാസി കോളനികളിൽ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം ട്രൈബൽ വകുപ്പ് ഏർപ്പെടുത്തും. തിരുനെല്ലി, നൂൽപ്പുഴ, കണിയാമ്പറ്റ എന്നിവിടങ്ങളിലെ അടിയ, പണിയ, കാട്ടുനായ്ക, ഊരാള ആദിവാസികോളനികളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നതും പരിഗണനയിലുണ്ട്. ആദിവാസി കോളനികളിലെ പുനരധിവാസ പ്രവർത്തിനത്തിന് മെന്റർ ടീച്ചേഴ്സ്, ഊരു വിദ്യാകേന്ദ്രം വളണ്ടിയേഴ്സ്, സിആർസി കോ‐ഓർഡിനേറ്റേഴ്സിനൊപ്പം കോളനി നിവാസികളെക്കൂടി പങ്കെടുപ്പിക്കും. കോളനി നിവാസികൾക്കുകൂടി സ്വീകാര്യമായ വിധത്തിൽ പുനരധിവാസം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും കലക്ടർ പറഞ്ഞു.   Read on deshabhimani.com

Related News