കേരളം രാജ്യത്തിന് മാതൃക: കാന്തപുരം

എസ്വൈഎസ് സന്നദ്ധ സേവകരെ അനുമോദിച്ചുകൊണ്ട് കൽപ്പറ്റയിൽ നടന്ന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു


കൽപ്പറ്റ പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ചവരെ ജാതി  മതരാഷ്ട്രീയ പരിഗണനകൾക്കപ്പുറം ചേർത്തു പിടിച്ച മലയാളികൾ  രാജ്യത്തിന് മാതൃകയാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി  കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. പേമാരിയിലും ഉരുൾപൊട്ടലിലും സഹജീവികൾക്കായി സ്വയം സുരക്ഷപോലും മറന്ന് സാന്ത്വനം പ്രവർത്തനങ്ങൾ നടത്തിയ എസ്വൈഎസ്  സാന്ത്വനം വളണ്ടിയർമാരെ അനുമോദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മഹാ ദുരന്തത്തിൽ നമ്മൾ എല്ലാവരും ഒന്നിച്ചുനിന്ന് ദുരിതബാധിതരെ സഹായിച്ചു. ഈ പ്രളയക്കെടുതിയെ അതിജീവിക്കാനും നമുക്ക് കഴിയണം. അനാവശ്യമായ ആക്ഷേപങ്ങളും സങ്കുചിത താൽപര്യങ്ങളും ഉണ്ടാവരുത്. ലോകത്തുള്ള മുഴുവൻ മലയാളികളും കേരളത്തെ സ്നേഹിക്കുന്ന മറ്റുള്ളവരും പുനർനിർമാണ പ്രക്രിയയിൽ നമ്മെ സഹായിക്കുന്നുണ്ട്. ഈ പ്രളയക്കെടുതിയിൽ വീടു നഷ്ടപ്പെട്ട ഒരു മനുഷ്യനും തണലില്ലാതെ പോകരുത്. നമ്മൾ ഒന്നിച്ചു നിന്നാൽ അത് സാധിക്കും. മുസ്ലിം ജമാഅത്തും എസ്വൈഎസും ആയിരം വീടുകൾ നവീകരിക്കും.മറ്റു കഴിയുന്ന മുഴുവൻ സഹായവും ചെയ്യും. ദുരിത ബാധിത പ്രദേശങ്ങളിൽ സേവനം ചെയ്ത 680 വളണ്ടിയർമാരെ കാന്തപുരം അനുമോദിച്ചു. പി  ഹസൻ മൗലവി ബാഖവി അധ്യക്ഷനായി. എം അബ്ദു റഹ്മാൻ മുസ്ലിയാർ പ്രാർഥന നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരൻ, എസ്വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുൾ ലത്തീഫ് സഅദി പഴശ്ശി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ,സംസ്ഥാന സെക്രട്ടറി എസ് ഷറഫുദ്ദീൻ, കെ ഒ അഹ്മദ് കുട്ടി ബാഖവി, കെ എസ് മുഹമ്മദ് സഖാഫി, എം മുഹമ്മദലി മാസ്റ്റർ, കെ കെ മുഹമ്മദലി ഫൈസി, ഷമീർ ബാഖവി, അബ്ദുൽ ഗഫൂർ സഖാഫി, മുഹമ്മദ് സഖാഫി ചെറുവേരി, അലവി സഅദി,നൗഷാദ് കണ്ണോത്ത് മല, സുലൈമാൻ സഅദി വെള്ളമുണ്ട എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News