ചെറുവാഹനങ്ങൾക്ക് ഓടാം വയനാം പാലം നാട്ടുകാർ താൽക്കാലികമായി പുനർനിർമിച്ചുമാനന്തവാടി കനത്ത മഴയിൽ തകർന്ന തവിഞ്ഞാൽ പഞ്ചായത്തിലെ വയനാം പാലം നാട്ടുകാർ താൽക്കാലികമായി പുനർനിർമിച്ചു. ഇതോടെ 44‐ാം മൈൽ കൈതക്കൊല്ലി വഴി മക്കിമലയിലേക്ക് ചെറുവാഹനങ്ങൾ ഓടിതുടങ്ങി. ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് പോകണമെങ്കിൽ പുതിയ പാലം നിർമിക്കേണ്ടിവരും. മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് നാട്ടുകാർ പാലത്തിന്റെ തകർന്ന ഭാഗത്തെ കല്ലുംമണ്ണും നീക്കിയത്. ശക്തമായ മലവെള്ള പാച്ചിലിൽ ആഴ്ചകൾക്ക് മുമ്പ് വയനാംപാലം തകരുകയും പുഴ ദിശമാറി ഒഴുകുകയും ചെയ്തു. റോഡും പലയിടങ്ങളിലായി ഇടിഞ്ഞു. പൊയിൽ, കമ്പമല, കൈതക്കൊല്ലി എന്നീ പ്രദേശങ്ങളിലുള്ളവരാണ് വയനാംപാലം തകർന്നതോടെ കൂടുതൽ ദുരിതത്തിലായത്.  പുതിയിടംവഴി അഞ്ച് കിലോമീറ്ററോളം ചുറ്റിയാണ് ഈ പ്രദേശത്തുകാർ യാത്ര ചെയ്യുന്നത്. ബസില്ലാത്തതിനാൽ ജീപ്പുകളെയും ഓട്ടോറിക്ഷകളെയും ആശ്രയിക്കേണ്ട സ്ഥിതിയായി. മക്കിമലയിൽ ഉരുൾപ്പൊട്ടലിന് സമാനമായ മണ്ണിടിച്ചിലാണ് ആഗസ്ത് ഒമ്പതിന് രാത്രി ഉണ്ടായത്. ഒപ്പം മക്കിമലയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ വനത്തിനുള്ളിലും വലിയ രീതിയിൽ മണ്ണിടിച്ചിലുണ്ടായി.  ഇതേ തുടർന്ന് മലവെള്ളം കുത്തിയൊലിച്ച് വയനാപാലം തകരുകയായിരുന്നു. മൂന്ന് പതിറ്റാണ്ടു മുമ്പാണ് വയനാം പാലം നിർമിച്ചത്. പാലത്തിന് ഉയരം കുറവായത് പെട്ടെന്നുള്ള തകർച്ചയ്ക്ക് വഴിവച്ചു. 44‐ാം മൈൽ  കൈതക്കൊല്ലി  മക്കിമല റോഡ് പൂർണ്ണതോതിൽ ഗതാഗത യോഗ്യമാകണമെങ്കിൽ വയനാം പാലത്ത് പുതിയ പാലം നിർമിക്കുകയും റോഡിൽ ഒന്നര കിലോമീറ്ററോളം സംരക്ഷണ ഭിത്തി കെട്ടുകയും വേണം.      Read on deshabhimani.com

Related News