അമ്പലവയൽ കാർഷിക കോളേജ്: വിദ്യാർഥി പ്രവേശനം തുടങ്ങി  കൽപ്പറ്റ കേരള കാർഷിക സർവകലാശാലയ്ക്കുകീഴിൽ അമ്പലവയലിൽ ആരംഭിക്കുന്ന കാർഷിക കോളജിൽ വിദ്യാർഥി പ്രവേശനം തുടങ്ങി. പ്രഥമ വർഷം ബിഎസ്സി അഗ്രികൾച്ചർ ഓണേഴ്സ് കോഴ്സിലാണ് പ്രവേശനം. ഇതിനകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 39 വിദ്യാർഥികൾ പ്രവേശനം നേടി ഫീസ് അടച്ചതായി കോളജ് സ്പെഷൽ ഓഫീസറുമായ അമ്പലവയൽ മേഖല  കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.പി. രാജേന്ദ്രൻ പറഞ്ഞു.  അമ്പലവയൽ കാർഷിക കോളജിൽ ബിഎസ്സി അഗ്രികൾച്ചർ ഓണേഴ്സ് കോഴ്സിൽ 51 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഐസിഎആർ(ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്) സംവരണ സീറ്റുകളാണ് ഇതിൽ ഒമ്പത് എണ്ണം.  അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിലവിലുള്ള സൗകര്യങ്ങളാണ് കോളജിനായി തൽകാലം ഉപയോഗപ്പെടുത്തുന്നത്. ഗവേഷണ കേന്ദ്രത്തിൽ അടുത്തകാലത്ത്  അഡ്വാൻസ്ഡ് റിസർച്ച് സെന്ററിനായി നിർമിച്ച കെട്ടിടത്തിലാണ് ക്ലാസ് മുറിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. കോളജിനു പ്രത്യേകമായി  കെട്ടിടം, അധ്യാപകഅനധ്യാപക ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സുകൾ, ഹോസ്റ്റൽ തുടങ്ങിയവ പിന്നീട് നിർമിക്കും. കോളജിലേക്കു ആവശ്യമായ അധ്യാപകരുടേതടക്കം നിയമനത്തിനു സർവകലാശാല തലത്തിൽ നടപടികൾ പുരോഗതിയിലാണ്. കോളജിൽ പ്രഥമ ബാച്ചിന്റെ ക്ലാസ് അടുത്ത മാസം തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്നു സ്പെഷൽ ഓഫീസർ പറഞ്ഞു.  Read on deshabhimani.com

Related News