സിപിഐ എം ഫോറസ്റ്റ് സ്റ്റേഷൻ സമരം അവസാനിപ്പിച്ചുമാനന്തവാടി കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ആദിവാസി സ്ത്രീക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ നടത്തിയ സത്യഗ്രഹം അവസാനിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നേതാക്കളുമായി നടത്തിയ ചർച്ചയിൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഈ മാസം 13ന് പരിക്കേറ്റ സ്ത്രീക്ക് നൽകാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. കൂടുതൽ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ വകുപ്പ്തലത്തിൽ തീരുമാനം എടുക്കുമെന്നും വനം ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്കാളാഴ്ച്ച രാത്രി ഒന്നോടെയാണ് സമരം അവസാനിപ്പിച്ചത്.  കാട്ടാനയുടെ ആക്രമണത്തിൽ  അപ്പപ്പാറ പാർസി കോളനിയിലെ ലീലക്കാണ് ഗുരുതര പരിക്കേറ്റത്. കിടപ്പിലായ ലീലയും സമരത്തിൽ പങ്കെടുത്തു. കട്ടിലിൽകിടന്നാണ് ലീല സമരം ചെയ്തത്.  ബ്രഹ്മഗിരി ബി എസ്റ്റേറ്റിലെ തൊഴിലാളിയായ ലീല പണി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകൾ തകർന്ന ലീല പൂർണമായും കിടപ്പിലാണ്. കൈയുടെ സ്വാധീനം നഷ്ടപ്പെട്ട നിലയിലാണ്. ഭർത്താവ് ഉപേക്ഷിച്ച ഇവർ കൂലി പണിയെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. പ്രദേശവാസികൾക്കെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ കള്ളക്കേസുകൾ സംബന്ധിച്ച്  ജില്ലാപൊലീസ് മേധാവിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ചർച്ചയിൽ നോർത്ത് വയനാട് ഡിഎഫ്ഒ ആർ കീർത്തി, ബേഗൂർ റെയിഞ്ച് ഓഫിസർ കെ പി അബ്ദുൾ സമദ്, മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യ, സിപിഐ എം മാനന്തവാടി ഏരിയാ  കമ്മിറ്റി അംഗം പി വി ബാലകൃഷ്ൺ, കെ ടി ഗോപിനാഥൻ, ടി സി ജോസ്, കെ സി മണി, ടി കെ സുരേഷ് എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News