നെന്മേനി ജലശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തുകൽപ്പറ്റ ജലനിധി പദ്ധതിയുടെ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച നെന്മേനി  ജലശുദ്ധീകരണ പ്ലാന്റ്  വ്യവസായ വകുപ്പ്  മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു.  ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. രണ്ടുകോടി ചെലവിൽ നിർമിച്ച പ്ലാന്റിൽ പ്രതിദിനം 20 ലക്ഷം ലിറ്റർ ജലം ശുദ്ധീകരിച്ച് അയ്യായിരം കുടുംബങ്ങൾക്ക് വിതരണം ചെയ്യാം. നിലവിൽ 3,584 കുടുംബങ്ങൾക്ക് ജലം വിതരണം ചെയ്യുന്നുണ്ട്. ഇതിൽ 292 കുടുംബങ്ങൾ പട്ടികജാതിവർഗ വിഭാഗക്കാരും 1,053 കുടുംബങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും 1,519 കുടുംബങ്ങൾ ഇതര വിഭാഗക്കാരുമാണ്. നെന്മേനി പഞ്ചായത്തിലെ കല്ലുമുക്കിലാണ് പ്ലാന്റ്. തിരുവല്ല ജെ ആൻഡ് ബിഎൻജിനീയറിങ് കൺസ്ട്രക്ഷൻ കമ്പനിയാണ് പ്ലാന്റിന്റെ പ്രവൃത്തി എറ്റെടുത്തത്.  പ്രതിമാസം പതിനായിരം ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നവർ ഗുണഭോക്തൃ വിഹിതമായി 75 രൂപ നൽകണം.  പ്രത്യേക പരിപാടികൾക്കും കൂടുതലായി വെള്ളം ആവശ്യമാണെങ്കിലും പ്രത്യേക നിരക്കിൽ ജലവിതരണം നടത്തും. ഗവ. ആശുപത്രിക്ക് താരിഫ് കണക്കാക്കാതെ സൗജന്യമായി വെള്ളം നൽകും. ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേക വാഹനം സൊസൈറ്റിക്കുണ്ട്. മീറ്റർ റീഡിങും ബില്ലുകളും ഓൺലൈനാക്കുന്നതിന്റെ ഉദ്ഘാടനം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി നിർവഹിച്ചു. കോൺട്രാക്ടർക്കുള്ള ഉപഹാരം നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി ആർ കറപ്പനും, സോഫ്റ്റ്വെയർ കമ്പനിക്കുള്ള ഉപഹാര സമർപ്പണം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂരും നിർവഹിച്ചു. ജലനിധി കണ്ണൂർ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് പ്രൊജക്ട് ഡയറക്ടർ ടി പി ഹൈദർ അലി റിപ്പോർട്ട് അവതരിപ്പിച്ചു. സമിതി പ്രസിഡന്റ് പി എം കുര്യാക്കോസ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News