ശുചീകരണത്തിനും പുനരധിവാസത്തിനും ഊന്നൽ

പുത്തൂര്‍ ഗവ. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്


  തൃശൂർ   ദുരന്തമൊഴിഞ്ഞ് ദുരിതാശ്വാസക്യാമ്പുകളിൽനിന്നും  ജനം വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി. മന്ത്രി എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, കലക്ടർ ടി വി അനുപമ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. ശുചീകരണത്തിന് ജില്ലാ മെഡിക്കൽ ഓഫീസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ശുചിത്വമിഷൻ ഡയറക്ടർ എന്നിവരടങ്ങുന്ന സംഘത്തിന‌് ചുമതല നൽകി.  പുനരധിവാസത്തിനും മുൻഗണന നൽകി. വീടുകളിൽ ശുചീകരണത്തിന് മുൻഗണന നൽകി കഴിയാവുന്നവരെ പുനരധിവസിപ്പിക്കും. എൻജിനിയറിങ് സംഘം വീടുകളിലെത്തി പരിശോധിക്കും. സഹകരണസംഘങ്ങൾ വഴി നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യാൻ നിർദേശം നൽകി. കച്ചവടക്കാർ അധികവില ഈടാക്കരുത്. സ്കൂളുകൾ അവധിയായതിനാൽ സ്കൂൾ ഉച്ചഭക്ഷണത്തിന് നൽകിയ അരിയും സാധനങ്ങളും ദുരിതമനുഭവിക്കുന്ന വീടുകൾക്ക് നൽകാനും നിർദേശംനൽകി. രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തീകരിച്ച സാഹചര്യത്തിൽ വീടും സ്വത്തുകളും വിട്ടൊഴിഞ്ഞ് ക്യാമ്പുകളിൽ കഴിയുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം, വസ്ത്രം, വൈദ്യസഹായം എന്നിവ ഉറപ്പുവരുത്താൻ താലൂക്ക് തലത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി തൃശൂർ സബ് കലക്ടർ, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ എന്നിവർക്ക് അവരവരുടെ അധികാരപരിധിയിലെ മുഴുവൻ താലൂക്കുകളുടെയും ചുമതല നൽകി  കലക്ടർ ഉത്തരവിട്ടു.  ജില്ലയിൽ നിലവിൽ 788 ക്യാമ്പുകളിലായി 50,912 കുടുംബങ്ങളും 2,66,581 അംഗങ്ങളുമാണുള്ളത്. പ്രളയം ഏറെ ബാധിച്ച ചാലക്കുടിയിലാണ് കൂടുതൽ ക്യാമ്പുകൾ.  ചാലക്കുടി താലൂക്കിൽ 196 ക്യാമ്പാണുള്ളത്.  കുറവ് ക്യാമ്പുകൾ തലപ്പിള്ളി താലൂക്കിലാണ്. 19 എണ്ണം. കുന്നംകുളം 25, കൊടുങ്ങല്ലൂർ 121, മുകുന്ദപുരം 122, ചാവക്കാട് 135, തൃശൂർ 170 എന്നിങ്ങനെയാണ് മറ്റ് ക്യാമ്പുകളുടെ എണ്ണം. ജില്ലയിൽ ആഗസ‌്ത‌് 15 മുതൽ 20 വരെ 53 മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ ഏഴു താലൂക്കുകളിലായി 63 വീടുകൾ പൂർണമായും തകർന്നു. 467 വീടുകൾക്ക് ഭാഗികമായ കേടുപാടു സംഭവിച്ചു. കഴിഞ്ഞ ദിവസം 27 കന്നുകാലികൾ, 6,502 പക്ഷികൾ എന്നിവ ചത്തു. Read on deshabhimani.com

Related News