കുഞ്ഞുകൈകളിൽനിന്ന് സഹായ പ്രവാഹം

ദുരിതാശ്വാസ നിധിയിലേക്ക്‌ അയ്യന്തോള്‍ ഗവ. സ്‌കൂളിൽ വിദ്യാർഥികളിൽനിന്ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മേരി തോമസ്‌ സംഭാവന സ്വീകരിക്കുന്നു


  തൃശൂർ കുഞ്ഞുകൈകളിൽനിന്ന് സഹായങ്ങൾ പ്രവഹിച്ചു. മുതിർന്നവർക്കാകെ മാതൃകയായി സ്കൂൾ വിദ്യാർഥികളുടെ ധനസമാഹരണം. കേരളം ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത പ്രളയത്തിൽ കുരുങ്ങി ദുരിതമനുഭവിക്കുന്നവരെ സാഹായിക്കാനാണ് സംസ്ഥാന സർക്കാർ വ്യാപക ധനസമാഹരണത്തിന് നിർദേശം നൽകിയത‌്. കേരളത്തെ പുനർനിർമിക്കുന്നതിനുള്ള സർക്കാരിന്റെ തീരുമാനത്തിന് വൻ ജനപിന്തുണ ലഭിക്കുന്നതിനിടെയാണ് ഒരു മടിയുംകൂടാതെ വിദ്യാർഥികളും ധനസമാഹരണം തുടങ്ങിയത്. ആദ്യദിനത്തിൽത്തന്നെ വിദ്യാലയങ്ങളിൽനിന്ന് ലക്ഷക്കണക്കിന് രൂപയാണ് ശേഖരിക്കാനായത്. ബുധനാഴ്ചയും വിദ്യാലയങ്ങളിൽനിന്ന് ധനസമാഹരണം തുടരും.  ജില്ലയിലെ എല്ലാ  പൊതുവിദ്യാലയങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും സിബിഎസ്ഇ, ഐസിഎസ്ഇ, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിലും ഉൾപ്പെടെ അഞ്ചുലക്ഷത്തോളം സ്കൂൾ വിദ്യാർഥികൾ മഹത്തായ സംരംഭത്തിൽ ആവേശത്തോടെ പങ്കാളികളായി. നേരത്തേതന്നെ അറിയിപ്പ് ലഭിച്ചതിനാൽ, വിദ്യാർഥികളും അധ്യാപകരും ധനസമാഹരണത്തിന് തയ്യാറായാണ് വിദ്യാലയങ്ങളിലെത്തിയത്. ബക്കറ്റുകൾ, ചോക്കുപെട്ടികൾ, മൺപാത്രങ്ങൾ, കപ്പുകൾ, സ്റ്റീൽ മഗുകൾ തുടങ്ങിയവയിൽ കേരളത്തിലെ 'പ്രളയബാധിതരെ സഹായിക്കാൻ വിദ്യാർഥികളുടെ ധനസമാഹരണം' എന്ന ബാനറുകൾ പതിപ്പിച്ചാണ് പണം ശേഖരിച്ചത്.  പ്രളയദുരന്തത്തിൽപ്പെട്ട കേരളത്തിന്റെ പുനർനിർമാണത്തിന് പങ്കാളികളാവാൻ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും വിദ്യാർഥികളോട് അഭ്യർഥിച്ചതിനെത്തുടർന്നാണ് കുട്ടികൾ വീടുകളിൽനിന്നും ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരിൽനിന്നും പണം ശേഖരിച്ച് സ്കൂളുകളിലെത്തിയത്. ചില്ലിത്തുട്ടുകൾമുതൽ അമ്പത്, നൂറ്, അഞ്ഞൂറ്, രണ്ടായിരം എന്നി കറൻസികൾവരെ കുട്ടികൾ ബക്കറ്റുകളിൽ നിക്ഷേപിച്ചു. ആദ്യനാളിൽ പണം നൽകാനാകാത്തവർ, ധനസമാഹരണത്തിന്റെ രണ്ടാംനാളിൽ കൂടുതൽ പണം ദുരിതബാധിതർക്ക് കൈമാറാനുള്ള തയ്യാറെടുപ്പിലാണ് ചൊവ്വാഴ്ച പള്ളിക്കൂടം വിട്ട് വീടുകളിലേക്ക് മടങ്ങിയത്.  ഒരു കുട്ടിയിൽനിന്നുപോലും നിർബന്ധിച്ച് ധനസമാഹരണം നടത്തരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. കഴിയാവുന്ന സംഭാവന നൽകിയാൽ മതിയെന്നതിനാൽ, ഒരോ കുട്ടികളും അവരവർക്ക് കഴിയാവുന്ന നിലയിൽ പരമാവധി പണം ബക്കറ്റുകളിൽ നിക്ഷേപിക്കുന്നുണ്ട്. ധനസമാഹരണത്തിന്റെ ആദ്യനിമിഷങ്ങളിൽത്തന്നെ ഒരു ക്ലാസിൽനിന്ന് അയ്യായിരത്തിലേറെ രൂപ ശേഖരിച്ച നിരവധി സ്കൂളുകൾ ജില്ലയിലുണ്ട്. ഓരോ കുട്ടിയും നൽകുന്ന തുക പരസ്യമാക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.  സംഭാവനയുടെ കണക്കെടുപ്പിനായി കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ 'സമ്പൂർണ' എന്ന പേരിൽ  വെബ്പോർട്ടൽ ഏർപ്പെടുത്തി. ഓരോ സ്കൂളും ശേഖരിക്കുന്ന തുക അന്നു വൈകിട്ടുതന്നെ 'സമ്പൂർണ'യിൽ കാണാനാകും.  അയ്യന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ധനസമാഹരണത്തിന് നേതൃത്വം നൽകി.  വിദ്യാഭ്യാസ‐ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണൻ, പ്രിൻസിപ്പൽ ലീല എന്നിവർ പങ്കെടുത്തു. തൃശൂർ ഗവ. മോഡൽ ബോയ്സ് സ്കൂളിൽ പ്രധാനാധ്യാപിക കെ ബി  സൗദാമിനി  നേതൃത്വം നൽകി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാനാധ്യാപകരുടെ നേതൃത്വത്തിലാണ് ആദ്യ ദിവസത്തെ വിഭവ സമാഹരണം നടന്നത്. Read on deshabhimani.com

Related News