തൃശൂർ അതിജീവിച്ചത് 5 ദുരന്തപ്രതിഭാസങ്ങൾ തൃശൂർ പ്രളയത്തിൽ വെള്ളപ്പൊക്കത്തിനൊപ്പം  ജില്ല നേരിട്ടത് അഞ്ച്ദുരന്തപ്രതിഭാസം. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമിക്കടിയിൽ തുരങ്കമുണ്ടാക്കുന്ന സോയിൽ പൈപ്പിങ‌്, മല വിണ്ടുകീറൽ. ഇത്തരം ദുരന്തങ്ങൾ ജില്ലയെ വേട്ടയാടുകയാണ്. അസാധാരണമായ വരൾച്ചയുടെ ലക്ഷണങ്ങളും  പ്രകടമാണ്. ജില്ലയിൽ 31 കേന്ദ്രങ്ങളിലാണ് ഇത്തരം ദുരന്തങ്ങളുണ്ടായത്. അഞ്ചിടങ്ങളിൽ ഉരുൾപൊട്ടൽ കേന്ദ്രമായി ഔദ്യോഗികമായി അംഗീകരിച്ചു. ചേലക്കര, ഒല്ലൂർ, ചാലക്കുടി മണ്ഡലങ്ങളിലാണ് വലിയ ദുരന്തങ്ങളുണ്ടായത്. ഒല്ലൂരിൽ അഞ്ച് ദുരന്തപ്രതിഭാസങ്ങളേയും ഒരു മരണംപോലുമില്ലാതെ അതിജീവിച്ചതും ചരിത്രമായി. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ കുറാഞ്ചേരിയിലുണ്ടായ ഉരുൾപൊട്ടലിലാണ് ഏറ്റവും ദുരന്തമുണ്ടായത്. ഇവിടെ 19 ജീവൻ നഷ്ടപ്പെട്ടു.  ജില്ലയിൽ 255 വില്ലേജുകളിൽ 194  ഇടങ്ങൾ പ്രളയബാധിതപ്രദേശമായി കണക്കാക്കുന്നു. ചേലക്കര  മണ്ഡലത്തിലെ പഴയന്നൂർ വെള്ളപ്പാറ,  വെള്ളാർക്കുളം, എളനാട് നീളംപള്ള്യാൽ, തൃക്കളായ, തിരുമണി,  ചേലക്കര കുറുമല, വരവൂർ കോഴിക്കുന്ന് കോളനി, ദേശമംഗലം പള്ളം, തോന്നൂർക്കര അടക്കോട‌്, മണ്ണാത്തിപ്പാറ, നാട്യൻചിറ, ചെറുതുരുത്തി താഴപ്ര, മുള്ളൂർക്കര, ആറ്റൂർ കാഞ്ഞിരശേരി  തുടങ്ങി 13 കേന്ദ്രങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ദേശമംഗലത്തെ ഉരുൾപൊട്ടലിൽ നാലുജീവൻ നഷ്ടപ്പെട്ടു.  ചാലക്കുടി മണ്ഡലത്തിലെ  തുമ്പൂർമുഴി, ആനക്കയം, പാണ്ടൻപാറ, കൊന്നക്കുഴി, പിള്ളപ്പാറ, രണ്ടു കൈ തുടങ്ങി ആറു കേന്ദ്രങ്ങളിൽ മലയിടിഞ്ഞു. തുമ്പുർമൂഴിയിൽ വെറ്ററിനറി സർവകലാശാലയുടെ കന്നുകാലി ഗവേഷണകേന്ദ്രം തകർന്ന‌് വെച്ചൂർ പശുക്കൾ ഉൾപ്പെടെ ചത്തൊടുങ്ങി. ഒല്ലൂർ  മണ്ഡലത്തിലെ നടത്തറ വട്ടപ്പാറ, മാടക്കത്തറ  ചിറക്കാക്കോട് ആനന്ദ നഗർ, പാണഞ്ചേരി ഉരുളൻകുന്ന്, പയ്യനം, പൂവൻചിറ, ഒറവുംപാടത്തും, പീച്ചി പട്ട്ളാംകുഴി, പുത്തൻകാട് എട്ടാംകല്ല്,  പുത്തൂർ കോക്കാത്ത് കോളനി എന്നിവിടങ്ങളിൽ മലയിടിഞ്ഞു. ആനന്ദനഗറിലാണ് ഉരുൾപൊട്ടലുണ്ടായത്. പീച്ചി ഡാമിന് 800 മീറ്റർ അടുത്ത‌് വിള്ളൽ കണ്ടത് ആശങ്കയുണ്ടാക്കുന്നു. ജില്ലയിൽ 62 പേരാണ് പ്രളയത്തിൽ മരിച്ചത്.  74 മരണം ഒൗദ്യോഗികമായി സ്ഥിരീകരിച്ചു.  ജില്ലയിൽ ഉരുൾപൊട്ടൽ നടന്ന മേഖലകളിലെ ജനങ്ങൾക്ക് വീടുകളിലേക്ക് തിരിച്ചുപോകാനാവുന്നില്ല.  മലയോര മേഖലകളിൽ കൃഷിയിറക്കി ഉപജീവനം നടത്തിയവർക്ക് മറ്റുമാർഗങ്ങളില്ല. ജിയോളജി വിഭാഗം നടത്തിയ പരിശോധനയിൽ  പല പ്രദേശങ്ങളും താമസയോഗ്യമല്ലെന്ന് മുന്നറിയിപ്പ് നൽകി. ഭൂമിക്കടിയിൽ നിന്നും മണ്ണും വെള്ളവും പുറന്തള്ളുന്ന  അപൂർവ പ്രതിഭാസമായ സോയിൽ പൈപ്പിങ്ങിനെക്കുറിച്ചും  ശാസ‌്ത്രീയ പഠനങ്ങൾ നടത്തണം.  ഇത്തരം മേഖലകളുടെ പ്രത്യേക മാപ്പ് തയ്യാറാക്കും. ഇതിനുശേഷം സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും ചേർന്ന് പുനരധിവാസപദ്ധതികൾ തയ്യാറാക്കും. Read on deshabhimani.com

Related News