വിദ്യാർഥികളുടെ സംഭാവന നാളെ  തൃശൂർ പ്രളയബാധിതരെ സഹായിക്കാൻ വിദ്യാർഥികളുടെ കൊച്ചുസംഭാവന ചൊവ്വാഴ്ച സമാഹരിക്കും. ജില്ലയിലെ എല്ലാ  പൊതു വിദ്യാലയങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും സിബിഎസ്ഇ, ഐസിഎസ്ഇ, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിലും കുട്ടികളുടെ സംഭാവന സ്വീകരിക്കും. ഇതിനായി ചൊവ്വാഴ്ച രാവിലെ  എല്ലാ ക്ലാസുകളിലും ബക്കറ്റോ, ബോക്സോ വയ‌്ക്കും. സംഭാവനയ‌്ക്കായി കുട്ടികളെ നിർബന്ധിക്കില്ല. കഴിയുന്നത്ര സംഭാവന ബക്കറ്റിലിടാനാണ് കുട്ടികൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഓരോ കുട്ടിയും നൽകുന്ന തുക പരസ്യമായി വെളിപ്പെടുത്തേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്.     എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 956 പൊതു വിദ്യാലയങ്ങളിൽ 3,17,000 കുട്ടികൾ പഠിക്കുന്നുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ  64,800 കുട്ടികളും.  കൂടാതെ കേന്ദ്ര സിലബസുള്ള വിദ്യാർഥികളും കൂടുമ്പോൾ നാലര ലക്ഷത്തിലധികം കുട്ടികൾ സംഭാവന നൽകുമെന്നാണ് കണക്കാക്കുന്നത്. ക്ലാസുമുറികളിൽ നിന്നുള്ള സംഭാവന ഓരോ വിദ്യാലയത്തിലും പ്രധാനാധ്യാപർ സമാഹരിക്കും. ചൊവ്വാഴ്ച ഉച്ചക്ക് തുക എണ്ണി ത്തിട്ടപ്പെടുത്തി പ്രധാനാധ്യാപകർ തന്നെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് അയക്കും. പ്രളയബാധിതർക്ക് കൈത്താങ്ങാകുന്ന വിദ്യാർഥികളുടെ  സംഭാവന സ്വീകരിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം ജഗതി ബ്രാഞ്ചിൽ ഡിപിഐയുടെ പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്. ഇതിലേക്ക് ചലാൻ വഴിയോ ഓൺലൈൻ മുഖേനയോ തുക അയക്കാൻ പ്രധാനാ ധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട‌്. സംസ്ഥാന വ്യാപകമായി ലഭിക്കുന്ന കുട്ടികളുടെ സംഭാവന ഡിപിഐയുടെ അക്കൗണ്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മാറ്റും. കോളേജുകളിലും ദുരിതബാധിതരെ സഹായിക്കാൻ കുട്ടികളിൽ നിന്ന് സംഭാവന സമാഹരിക്കുന്നുണ്ട്. ഇത് വിവിധ ദിവസങ്ങളിലായാണ് നടത്തുന്നത്. Read on deshabhimani.com

Related News