മോഡി സർക്കാർ രാജ്യത്തിന്റെ സ്വത്ത‌് കോർപറേറ്റുകൾക്ക‌് നൽകുന്നു: എളമരംതൃശൂർ രാജ്യത്തിന്റെ സ്വത്ത‌് കോർപറേറ്റുകൾക്ക‌് സമ്മാനിക്കുകയാണ‌് മോഡി സർക്കാർ ചെയ്യുന്നതെന്ന‌് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു.  സിഐടിയു ജില്ലാ ജനറൽ കൗൺസിൽ യോഗം  ഉദ‌്ഘാടനം ചെയ‌്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ നവ ഉദാരവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനുമെതിരെ തൊഴിലെടുക്കുന്നവരുടെ യോജിച്ച പോരാട്ടം ശക്തിപ്പെടുത്തണം.  തൊഴിൽ സുരക്ഷ ഇല്ലതാക്കാനുള്ള കേന്ദ്ര നിയമത്തിനെതിരെ പോരാട്ടം അനിവാര്യമാണ‌്.  നേരത്തേ വാജ‌്പേയ‌് സർക്കാർ സമാന നീക്കം  നടത്തിയിരുന്നു. അതിനെതിരെ രാജ്യവ്യാപകമായി ഉയർന്നു വന്ന സമരങ്ങളെ തുടർന്ന‌് പീന്നിടു വന്ന യുപിഎ സർക്കാരിന‌്  ഈ തിരുമാനം മാറ്റേണ്ടിവന്നു. ഈ തിരുമാനം മാറ്റാൻ ബിജെപി സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ വരുന്ന പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയെ അധികാരത്തിൽ നിന്നുതന്നെ മാറ്റും.    കേന്ദ്ര സർക്കാരിന്റെ നവ ഉദാരവൽക്കരണത്തിന്റെ  ഭാഗമായുള്ള സ്വകാര്യവൽക്കരണമാണ‌് രാജ്യത്തെ വലിയ അഴിമതികളുടെ ഉറവിടം. ബിഎസ‌്എൻഎൽ ടവറുകൾ  സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിലാണ‌് മോഡി സർക്കാർ. തൊഴിലാളികൾ പൊരുതി നേടിയ അവകാശങ്ങൾ സംരക്ഷിക്കാൻ ഇനിയും ശക്തമായ പോരാട്ടം അനിവാര്യമാണ‌്. അച്ഛേ ദിൻ വാഗ‌്ദാനം നൽകി അധികാരത്തിലെത്തിയവർ വാഗ‌്ദാനങ്ങൾ നടപ്പാക്കിയില്ലെന്ന‌് മാത്രമല്ല, ജനങ്ങളുടെ ജീവിത സൗകര്യങ്ങൾ ഒന്നൊന്നായി കൊള്ളയടിക്കുകയാണ‌്. പ്രതിവർഷം രണ്ടു കോടി  തൊഴിലവസരം എന്നായിരുന്നു മോഡിയുടെ തെരഞ്ഞെടുപ്പ‌് വാഗ‌്ദാനം. എന്നാൽ അതി രൂക്ഷമായ തൊഴിലില്ലായ‌്മയാണ‌് രാജ്യം  നേരിടുന്നത‌്. കരാർവൽക്കരണം വഴി തൊഴിലാളികളുടെ സംഘടിത സമരവീര്യം വിഭജിക്കാനും നീക്കം നടക്കുന്നു. അഴിമതിക്കെതിരായ ജനവികാരം മുതലെടുത്ത‌് അധികാരത്തിലേറിയ ബിജെപിയുടെ ഭരണത്തിൽ അഴിമതിയുടെ ഘോഷയാത്രയാണ‌്. ജനവിരുദ്ധതയ‌്ക്കും ഉദാരവൽക്കരണ നയങ്ങൾക്കുമെതിരായ ബദൽ ശക്തി ഉയർത്തിക്കൊണ്ടു വരികയാണ‌് സിഐടിയു ലക്ഷ്യം.  കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ  ഐക്യപ്പെടുന്ന തൊഴിലാളികളെ ഭിന്നിപ്പിക്കാൻ വർഗീയ വികാരം ഇളക്കിവിടുകയാണ‌് സംഘപരിവാർ. കോർപറേറ്റുകളുടെ കുറിപ്പടി പ്രകാരം മോഡി സർക്കാർ  പ്രവർത്തിക്കുമ്പോൾ  കേരളത്തിലെ എൽഡിഎഫ‌് സർക്കാർ ജനക്ഷേമകരമായ ബദലുകളുമായി മുന്നേറുകയാണ‌്. തുണിക്കടകളും ജ്വല്ലറികളുമടക്കം തൊഴിലിടങ്ങളിൽ ജീവനക്കാർക്ക‌് ഇരിപ്പിടം അവകാശമാക്കി നിയമം  ഭേദഗതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം ഇരുന്ന‌ുജോലി ചെയ്യാനുള്ള അവകാശത്തിനായി  സമരം ചെയ‌്ത സ‌്ത്രീത്തൊഴിലാളികളുടെ പോരാട്ടങ്ങൾക്ക‌് ഏറെ ആവേശവും കരുത്ത‌ും  പകരുന്നതാണെന്നും ഏളമരം കരീം പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ പങ്കെടുത്തു. സിഐടിയു ജില്ലാ  പ്രസിഡന്റ‌് എം എം വർഗീസ‌് അധ്യക്ഷനായി. Read on deshabhimani.com

Related News