പ്രവാസി നന്മയിൽ ഉയരും 20 വീടുകൾ

തൃക്കൂർ പഞ്ചായത്തിൽ പ്ര‌ളയക്കെടുതിയിൽ തകർന്ന വീടുകളുടെ പുനർനിർമാണം വാഗ‌്ദാനം ചെയ‌്ത ചെറുവാൾക്കാരൻ ജയിംസിനെ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ‌് അഭിനന്ദിക്കുന്നു


  തൃക്കൂർ  ‘പേര് പറയരുത്. പ്രളയക്കെടുതിയിൽ വീട് തകർന്ന 20പേർക്ക്  വീട് പുനർനിർമിക്കാൻ സഹായമേകാം. നാല‌് ലക്ഷംവീതം 80 ലക്ഷം.’  കടൽ കടന്നുള്ള പ്രവാസികളുടെ ഈ വാഗ്ദാനം തൃക്കൂരിലേക്കുള്ള നന്മയുടെ പ്രവാഹമാണ്. പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന്റെ പുനരധിവാസത്തിന് കരുത്ത് പകരുന്ന വാഗ്ദാനം. സർക്കാർ സഹായത്തിനപ്പുറം പ്രളയത്തിൽ തകർന്നവർക്ക് ജനകീയമായി വീട് പുനർനിർമിക്കാനുള്ള  തൃക്കൂർ മാതൃക സംസ്ഥാനത്ത് പുതുപ്രതീക്ഷയേകുകയാണ്.   പുതുക്കാട് മണ്ഡലത്തിലെ തൃക്കൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കത്തിൽ വീടു തകർന്നവർക്ക് തണലൊരുക്കാനാണ് പേര് വെളിപ്പെടുത്താത്ത പ്രവാസികൾ സഹായ വാഗ്ദാനവുമായി രംഗത്ത് വന്നത്. കല്ലൂർ  സ്വദേശിയും വിദേശ വ്യവസായിയുമായ ചെറുവാൾക്കാരൻ ജയിംസ് വഴിയാണ് സഹായവാഗ്ദാനം  നടപ്പാക്കുന്നത്. ജയിംസ് ഇക്കാര്യം തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടനെ അറിയിച്ചു. സർക്കാരിന്റെ ലൈഫ് പദ്ധതികളുടെ മാനദണ്ഡങ്ങളനുസരിച്ച് വീടുകൾ പണിതുനൽകുമെന്ന് ജയിംസ് പഞ്ചായത്തധികൃതരെ അറിയിച്ചു. ബഹറിനിലുള്ള പ്രവാസികളാണ് വീട് നിർമിക്കാൻ പണം നൽകാമെന്നേറ്റതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിൽ പ്രത്യേകം ചേർന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം.  മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ സാന്നിധ്യത്തിൽ തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടന്  വീട്  നിർമാണം ഏറ്റെടുക്കാൻ ജയിംസ് വാഗ്ദാനം നൽകി. ചെറുവാൾക്കാരൻ ജയിംസ് നേതൃത്വം നൽകുന്ന ഇത്തരം പ്രവർത്തനം കേരളത്തിന് മാതൃകയാണെന്ന് മന്ത്രി സി രവീന്ദ്രനാഥ്  പറഞ്ഞു. പ്രളയത്തിൽ മണലിപ്പുഴ കരകവിഞ്ഞും വഴിമാറി ഒഴുകിയും പഞ്ചായത്തിലെ 30 വീടുകൾ പൂർണമായും തകർന്നു. നിരവധി വീടുകൾക്ക് കേടുപാടുകളുണ്ടായി.  പ്രാദേശികമായി ജനപങ്കാളിത്തത്തോടെ ഈ വീടുകൾ പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തും നാട്ടുകാരും. Read on deshabhimani.com

Related News