കുഴൽക്കിണർ നിർമാണത്തിനെതിരെ സമരവുമായി നാട്ടുകാർകിളിമാനൂർ കുഴൽക്കിണർ നിർമാണത്തിനെതിരെ  സമരവുമായി നാട്ടുകാർ വീണ്ടും. നഗരൂർ ദർശനാവട്ടം ഗുരുദേവ് യുപിഎസ് സ്കൂളിനുസമീപം സ്വകാര്യവ്യക്തി കുഴിക്കാൻ ശ്രമിക്കുന്ന കുഴൽക്കിണറിനെതിരെയാണ് ദർശനാവട്ടം തെറ്റിക്കുഴി ഭാഗത്തെ നാട്ടുകാരൊന്നടങ്കം രംഗത്തുവന്നിരിക്കുന്നത്. മാസങ്ങൾക്കുമുമ്പ‌് ഇവിടെ കുഴൽക്കിണർ കുത്താനുള്ള ശ്രമം നാട്ടുകാരുടെ സംഘടിതസമരത്തെതുടർന്ന് ഉപേക്ഷിച്ചിരുന്നു. തുടർന്ന് വസ്തു ഉടമ ഹൈക്കോടതിയെ സമീപിച്ച് ഭൂജലവകുപ്പിനെക്കൊണ്ട് സർവേ നടത്തിക്കാനുള്ള ഉത്തരവ് കരസ്ഥമാക്കുകയും ഈ ഉത്തരവ് കിണർ കുത്താനുള്ള അനുമതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീണ്ടും കുഴൽക്കിണർ കുഴിക്കാൻ ശ്രമം നടത്തുകയുമായിരുന്നു. ജനരോഷത്തെ തുടർന്ന് ഈ ശ്രമവും പരാജയപ്പെട്ടു. തുടർന്ന് കഴിഞ്ഞദിവസം ഭൂജലവകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കാനെത്തിയതോടെ നാട്ടുകാർ ഒന്നടങ്കം സമരവുമായി രംഗത്തുവരികയായിരുന്നു. വേനൽക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന മേഖലയിൽ കുഴൽക്കിണർ നിർമിച്ചാൽ കിണറിലെ ജലം നഷ്ടപ്പെടുമെന്നതാണ് പ്രദേശവാസികളുടെ ആശങ്ക. നാട്ടുകാർ സംയുക്തമായി പ്രദേശത്ത് പൈപ്പുലൈൻ കണക‌്ഷൻ സ്ഥാപിച്ചെങ്കിലും, ഇതിനോട് സഹകരിക്കാതെ കുഴൽക്കിണർ നിർമിച്ചേ അടങ്ങൂ എന്ന് വാശിപിടിക്കുന്ന സ്വകാര്യവ്യക്തിയുടെ ശ്രമം ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ഭൂജലവകുപ്പ് കിണർ നിർമിക്കാൻ അനുമതി നൽകിയാൽ  നിരാഹാരമടക്കമുള്ള സമരപരിപാടികൾക്ക് രൂപംനൽകുമെന്ന് നാട്ടുകാർ അറിയിച്ചു. ഇതിനായി പ്രദേശത്ത് സമരപ്പന്തലും സ്ഥാപിച്ചു. Read on deshabhimani.com

Related News