നഗരം വൃത്തിയാക്കി പൊന്നുവിളയിക്കാൻ ഒരു ശുചീകരണത്തൊഴിലാളിതിരുവനന്തപുരം  നാം ഉണരുംമുന്നേ  നമ്മുടെ നഗരം വൃത്തിയാക്കുന്ന ആയിരക്കണക്കിന‌് ശുചീകരണത്തൊഴിലാളികളുണ്ട‌് . അവർ ശേഖരിക്കുന്ന മാലിന്യം എ‌ന്തുചെയ്യുന്നു എന്ന‌് ആരും അന്വേഷിക്കാറില്ല. എവിടെയെങ്കിലും കൊണ്ടുപോയി സംസ‌്കരിക്കുന്നുണ്ടാകും എന്ന‌് വിശ്വസിക്കുകയാണ‌് എല്ലാവരും. എന്നാൽ , താൻ ശേഖരിക്കുന്ന മാലിന്യം വളമാക്കി സ്വന്തം കൃഷിയിടത്തിൽ പൊന്നുവിളയിക്കുന്ന ഒരു ശുചീകരണത്തൊഴിലാളിയുണ്ട‌് തിരുവനന്തപുരം നഗരസഭയ‌്ക്ക‌്.  പെരിങ്ങമ്മല കാമരാജ‌് നഗർ ആർ കെ ഭവനിൽ ആർ കെ ഷിബു. മൂന്നര വർഷമായി മണക്കാട‌് സർക്കിളിലെ ശുചീകരണത്തൊഴിലാളിയായ ഷിബു ഉറവിട മാലിന്യസംസ‌്കരണം എന്ന പദ്ധതിയിലൂടെ ജൈവകൃഷി വിജയിപ്പിക്കാം എന്ന നഗരസഭയുടെ ആശയം പ്രാവർത്തികമാക്കി കൈയടി നേടുകയാണ‌്. മണക്കാട‌് ചന്തയുടെ പരിസരം, പവിത്രനഗർ, പടന്നാവ‌്, പനമൂട‌്, പോസ‌്റ്റ‌് ഓഫീസ‌് റോഡ‌ിന‌് എതിർവശം എന്നിവിടങ്ങ‌ളാണ‌് ഷിബുവിന്റെ ഏരിയ. മഴയായാലും കാറ്റായാലും  കൈവണ്ടിയും ഉന്തി ഷിബു എത്തുന്നത‌് പ്രദേശവാസികൾക്ക‌് ഏറെ ആശ്വാസമാണ‌്. വീടുകളിലും റോഡരികിലുമൊക്കെയുള്ള മാലിന്യങ്ങൾ ശേഖരിച്ച‌ുകൊണ്ടുപോയി മണക്കാട്ടെ  രണ്ട‌് എയ‌്റോബിക‌് ബിന്നുകളിൽ സംസ‌്കരിക്കും. മൂന്നുമാസംകൂടുമ്പോൾ ഗുഡ‌്സ‌് ഓട്ടോറിക്ഷയിൽ രണ്ടുലോഡ‌് കമ്പോസ്റ്റ‌് വളം ലഭിക്കും. പള്ളിച്ചൽ‐വിഴിഞ്ഞം റോഡിന‌് സമീപം പാട്ടത്തിനെടുത്ത വെങ്ങാനൂർ ഏലാ, പുത്തൻകാന, കുഴിയംവിള, മാവുവിള എന്നിവിടങ്ങളിലെ പത്തേക്കറിലേറെ  വരുന്ന കൃഷിഭൂമിയിലേക്കാണ‌് ഈ വളം എത്തിക്കുന്നത‌്. മരച്ചീനി, വെള്ളരി, വാഴ എന്നിവയ‌്ക്കെല്ലാം ഉത്തമവളമാണ‌് എയ‌്റോബിക‌് ബിന്നിൽനിന്ന‌് ലഭിക്കുന്നതെന്ന‌് ഷിബു പറയുന്നു. സഹോദരൻ ആർ അജിയുമായി ചേർന്നാണ‌് കൃഷിചെയ്യുന്നത‌്.    സ്വന്തമായി മാലിന്യസംസ‌്കരണ പ്ലാന്റ‌് ഇല്ലാത്തതിനാൽ ഉറവിട മാലിന്യസംസ‌്കരണം എന്ന ആശയം വിജയകരമായി നടപ്പാക്കുകയാണ‌് നഗരസഭ. എയ‌്റോബിക‌് ബിന്നുകളിൽ ജൈവമാലിന്യങ്ങൾ സംസ‌്കരിക്കുമ്പോൾ ലഭിക്കുന്ന ജൈവ വളം ആവശ്യക്കാർക്ക‌് സൗജന്യമായിട്ടാണ‌് നൽകുന്നത‌്. പാരമ്പര്യമായി ചെയ്യുന്ന കൃഷിയിൽനിന്ന‌് വലിയ വരുമാനമൊന്നുമില്ലെങ്കിലും  തന്റെ നഗരം വൃത്തിയായി സൂക്ഷിക്കാനും അതിലൂടെ ജനങ്ങൾക്ക‌് ജൈവ പച്ചക്കറി  നൽകാനും കഴിയുന്നതിലെ സംതൃപ‌്തിയിലാണ‌് ബിജു. മാലിന്യം ശേഖരിക്കുന്ന നഗരസഭ ജീവനക്കാരൻ ഷിബു Read on deshabhimani.com

Related News