വീട്ടിലിരിക്കൂ, സുരക്ഷിതരായി

കോവിഡ് നിയന്ത്രണം കർശനമായതോടെ ചാല മാർക്കറ്റിലെ കട പൊലീസ് ഉദ്യോഗസ്ഥർ അടപ്പിക്കുന്നു


തിരുവനന്തപുരം  കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് കലക്ടർ നവ്‌ജ്യോത് ഖോസ. പൊലീസിന്റെയും സെക്ടറൽ മജിസ്‌ട്രേട്ടുമാരുടെയും നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കുമെന്നും ദൈനംദിന സ്ഥിതിഗതി വിലയിരുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം എല്ലാ ദിവസവും ചേരുമെന്നും കലക്ടർ പറഞ്ഞു.   അനാവശ്യമായി പുറത്തിറങ്ങരുത്‌   അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ ജനം വീടിനു പുറത്തിറങ്ങാവൂ. കുട്ടികളും പ്രായമായവരും ഗർഭിണികളും വീട്ടിൽത്തന്നെ കഴിയണം. രാത്രി കർഫ്യൂ ശക്തമായി നടപ്പാക്കും. രാത്രി ഒമ്പതുമുതൽ പുലർച്ചെ അഞ്ചുവരെ അവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. എല്ലാ ഷോപ്പിങ് മാളും തിയറ്ററുകളും രാത്രി 7.30ന് നിർബന്ധമായും അടയ്ക്കണം. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ പരമാവധി കുറച്ചുമാത്രം  ആളുകളെ പ്രവേശിപ്പിക്കണം.  പാർസൽ നൽകുന്നതും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ വൈകിട്ട് 7.30ന് റെസ്റ്റോറന്റുകളും ഹോട്ടലുകളും അടയ്ക്കണം. മറ്റിടങ്ങളിൽ ഒമ്പതുവരെ പ്രവർത്തിക്കാം. ടേക്ക് എവേ കൗണ്ടർ അടക്കമുള്ള ഒന്നും ഒമ്പതിനുശേഷം അനുവദിക്കില്ല.    വർക്ക്‌ ഫ്രം ഹോം   സ്വകാര്യ സ്ഥാപനങ്ങളിൽ കഴിയുന്നതും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണം. കോവിഡ് നിരീക്ഷണം ശക്തിപ്പെടുത്താൻ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തി.    പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ദ്രുതകർമ സംഘത്തെ സഹായിക്കാൻ വാർഡ് തലത്തിൽ അധ്യാപകരെ നിയോഗിച്ചു. ഇവർ കോവിഡ് നിരീക്ഷണം, സമ്പർക്കപട്ടിക തയ്യാറാക്കൽ തുടങ്ങിയ കാര്യങ്ങളിൽ സഹായിക്കും. ഈ വിവരങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് പൊലീസിനും നൽകും.   സുരക്ഷ പ്രധാനം   വ്യാപാര കേന്ദ്രങ്ങൾ, കടകൾ എന്നിവിടങ്ങളിൽ സെക്ടറൽ മജിസ്‌ട്രേട്ടുമാരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. സാമൂഹ്യ അകലം, മാസ്‌ക് തുടങ്ങിയവ പാലിക്കുന്നതു സംബന്ധിച്ചും നിരീക്ഷണം ശക്തമാക്കി. നിയന്ത്രണങ്ങളോട് പൊതുജനം സഹകരിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. Read on deshabhimani.com

Related News