വീട് തകർന്ന് വീട്ടമ്മക്കും മകനും പരിക്ക്; ചില പ്രദേശങ്ങൾ വെള്ളക്കെട്ടിൽപാറശാല കാലവർഷക്കെടുതിയിൽ നിർധന കുടുംബത്തിന്റെ വീട് തകർന്ന് വീട്ടമ്മക്കും മകനും പരിക്കേറ്റു. കൊല്ലയിൽ നടൂർകൊല്ലപള്ളം വിള വീട്ടിൽ വിവേകാനന്ദന്റെ വീടാണ് പൂർണമായും തകർന്നത്. വീട്ടിനുള്ളിലുണ്ടായിരുന്ന ഭാര്യ ജീന (32) മകൻ പതിനൊന്നുകാരൻ അഭിരാം എന്നിവർക്ക് പരിക്കേറ്റു. എസ്എടി ആശുപത്രിയിൽ ചികിൽസയിലാണ‌് അഭിരാം.    വീടും വീട്ടുപകരണങ്ങളും പൂർണമായും തകർന്ന നിലയിലാണ്. വെള്ളിയാഴ്ച മഴയ്ക്ക് ഏറെക്കുറെ ശമനമുണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ ഏലാകളും നെയ്യാറിൻെറ തീരപ്രദേശങ്ങളുമുൾപ്പെടുന്ന കുളത്തൂർ, ചെങ്കൽ പഞ്ചായത്ത് പ്രദേശങ്ങളിലെ ചില ഭാഗങ്ങളും വെള്ളക്കെട്ടിലാണ്. വ്യാഴാഴ്ച വെള്ളക്കെട്ടിലകപ്പെട്ടവരെ രക്ഷിക്കാൻ സിപിഐ എം പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും പൊലീസും വില്ലേജ‌് ഓഫീസ‌്, കൃഷി ഓഫീസ‌് ഉദ്യോഗസ‌്ഥരും സന്നദ്ധ പ്രവർത്തകരും നാട്ടുകാർക്ക്  ആശ്വാസമായി.    ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരിൽ ഭൂരിഭാഗവും വീടുകളിലേക്ക് മടങ്ങിപോകുന്നുണ്ട്. ഏലാകൾ പാട്ടത്തിനെടുത്ത് ബാങ്ക് വായ്പയിലും കടമെടുത്തുമാണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയത്. എന്നാൽ, ദുരിതപ്പെയ്ത്തിൽ നൂറുകണക്കിന് കർഷകരെയാണ് കണ്ണുനീരിലാഴ്ത്തിയത്. കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ട സഹായം നൽകാൻ അടിയന്തരമായി അധികൃതർ നടപടി കൈക്കൊള്ളണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി കടകുളംശശി ആവശ്യപ്പെട്ടു.     Read on deshabhimani.com

Related News