അനന്തപുരിയിൽ ഇനി അഞ്ചുനാൾ സംഗീതക്കുളിർമഴതിരുവനന്തപുരം കർക്കടകത്തെ വരവേറ്റു തിമിർത്തു പെയ്യുന്ന മഴയ്ക്ക് ശ്രുതിയേകി അനന്തപുരിയിൽ സംഗീത മഴ. ഇനി അഞ്ചു നാൾ തലസ്ഥാന നഗരിയുടെ സായാഹ്നങ്ങളിലേക്കു നിശാഗന്ധിയിൽ സംഗീത സ്വരമഴ പെയ്തിറങ്ങും. കർണാടക, ഹിന്ദുസ്ഥാനി ഗസൽ ശാഖകളെയും പാശ്ചാത്യ പൗരസ്ത്യ സംഗീതോപകരണങ്ങളെയും കോർത്തിണക്കിയുള്ള നിശാഗന്ധി മൺസൂൺ സംഗീതോത്സവത്തിന‌് കനകക്കുന്നിൽ തുടക്കമായി. 19 വരെയാണ‌് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ശുദ്ധ സംഗീതത്തിന്റെ കുളിർമഴ പെയ്തിറങ്ങുന്നത്. 20ൽപ്പരം സംഗീതജ്ഞരെ ഉൾപ്പെടുത്തി സംസ്ഥാന ടൂറിസം വകുപ്പാണ‌് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  ബോംബെ ജയശ്രീ അവതരിപ്പിച്ച കർണാടക സംഗീതവും സൂപ്പർ കിഡ്‌സ് ബാൻഡിന്റെ മാസ്മരിക പ്രകടനവുമായിരുന്നു ഉദ്ഘാടന സായാഹ്നത്തിൽ നിശാഗന്ധിയെ കുളിരണിയിച്ചത്.  തിങ്കളാഴ‌്ച വൈകിട്ട് 6.30ന‌് വി സൂരജ് ലാലിന്റെ കർണാടക സംഗീതവും തുടർന്ന് എം എസ് ലാവണ്യ അവതരിപ്പിക്കുന്ന സാക്‌സോഫോൺ കർണാടക സംഗീതവുമുണ്ടാകും.  ചൊവ്വാഴ്ച വൈകിട്ട് 6.30ന് അർജുൻ ബി കൃഷ്ണയുടെ കർണാടക സംഗീതാവതരണവും 7.30ന‌് റിംപ ശിവയും മൃത്യുഞ്ജയ് മുഖർജിയും ചേർന്ന‌് തബല ഓടക്കുഴൽ ഹിന്ദുസ്ഥാനി സംഗീതവും കോർത്തിണക്കുന്ന നാദവിരുന്നും ആസ്വദിക്കാം. 18ന‌് വൈകിട്ട് 6.30ന‌് വിനായക് വി ഗോപാലിന്റെ നാദസ്വരക്കച്ചേരി. തുടർന്ന് മൂഡ്‌സ് ഓഫ് ദ  ബാംബു ക്ലാസിക്കൽ ഫ്യൂഷൻ സംഗീതം. ബാംബൂ, സുസാറ്റോ, വെസ്‌റ്റേൺ കീബോഡ‌് എന്നിവയിൽ ബി വി ബാലസായി, വയലിനിൽ ബി വി രാഘവേന്ദ്ര റാവു, സിത്താറിൽ ബി ശിവരാമകൃഷ്ണ, കീബോർഡിൽ അനൂപ് നായർ, മൃദംഗത്തിൽ കെ സായി ഗിരിധർ, തബലയിൽ ഡി സി വെങ്കിടേഷ് എന്നിവർ രാഗവിരുന്നൊരുക്കും. സമാപന ദിനമായ 19ന‌് വൈകിട്ട് 6.30ന‌് കേരള കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥികൾ അവതരിപ്പിക്കുന്ന മിഴാവ് മേളം. 7.30ന‌് പ്രസിദ്ധ സംഗീതജ്ഞൻ ഹരിഹരൻ ഒരുക്കുന്ന ഗസൽ സന്ധ്യയോടെ അഞ്ചു നാൾ നീളുന്ന സംഗീതോത്സവത്തിന‌് സമാപ്തിയാകും. പ്രവേശനം സൗജന്യമാണ്. Read on deshabhimani.com

Related News