3000 രൂപ പിടിച്ചുവാങ്ങിയ ശേഷം ബൈക്ക് കത്തിച്ചു; 3 പേർ അറസ്റ്റിൽകാട്ടാക്കട 3000 രൂപ പിടിച്ചുവാങ്ങിയ ശേഷം  യുവാവിന്റെ ബൈക്ക് കത്തിച്ചു. മൂന്നുപേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്നുപേർ ചേർന്ന് ബൈക്കിൽ യാത്രചെയ്യുകയായിരുന്ന പഴയ സഹപ്രവർത്തകനെ തടഞ്ഞുനിർത്തി കൈയിലുണ്ടായിരുന്ന പണം കവർന്നശേഷം ബൈക്ക് അഗ്നിക്കിരയാക്കുകയായിരുന്നു. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം മൂന്നു പ്രതികളെയും മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂർ അരുമാളൂർ മുണ്ടഞ്ചിറ പാറയിൽവീട്ടിൽ മുകേഷിന്റെ ബൈക്കാണ് പ്രതികൾ കത്തിച്ചത്. മുകേഷിന്റെ പഴയ സഹ പ്രവർത്തകരായ മാറനല്ലൂർ കണ്ടല തോട്ടുംകര പാണൻവിള വീട്ടിൽ തത്ത ബിനു എന്ന എസ് സതികുമാർ (29),  ഊരൂട്ടമ്പലം കരണംകോട് കിരൺ ഭവനിൽ എം കിരൺ (26), മൈലക്കര, നാൽപ്പറക്കുഴി വീട്ടിൽ എ ബിനോയ്‌ (29) എന്നിവരാണ് അറസ്റ്റിലായത്.  മുകേഷ് അടുത്തിടെ ഇവരുമായി തെറ്റിയിരുന്നു. ശനിയാഴ്ച വൈകിട്ട് കണ്ടളയിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന മുകേഷിനെ സതികുമാറും സംഘവും പിന്തുടർന്ന് കണ്ടല  ദേവീക്ഷേത്രത്തിനു സമീപത്തെത്തി. അപകടം മണത്ത മുകേഷ് ബൈക്കിൽനിന്ന‌് ഇറങ്ങിയോടി. പിടിവലിക്കിടയിൽ പോക്കറ്റിൽനിന്ന‌് ബിനു 3000 രൂപ കവർന്നു. മുകേഷിനെ കിട്ടാത്തതിന്റെ വൈരാഗ്യം മൂലം ബൈക്ക് വയലിൽ മറിച്ചിട്ട് തീകൊളുത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു. മുകേഷ് മാറനല്ലൂർ പൊലീസിൽ പരാതി നൽകി. കൊലപാതകം അടക്കമുള്ള ഒട്ടനവധി കേസുകളിൽ പ്രതികളാണ് അറസ്റ്റിലായ മൂന്നുപേരും എന്ന് മാറനല്ലൂർ എസ്ഐ ആർ സജീവ്‌ പറഞ്ഞു. മുകേഷും ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News