സംഘർഷം സൃഷ്ടിക്കുന്ന സാമൂഹ്യവിരുദ്ധർ പിടിയിൽകഴക്കൂട്ടം  രാഷ്ട്രീയ പാർടി പ്രവർത്തകരെ തമ്മിലടിപ്പിച്ച‌് സംഘർഷം സൃഷ്ടിക്കുന്ന സാമൂഹ്യവിരുദ്ധർ പിടിയിൽ. ഞാണ്ടൂർക്കോണം പുളിയൻകോട് സ്വദേശി അഖിൽ (30), വട്ടപ്പാറ മുക്കുംപാലം സ്വദേശി ഉണ്ണി (31) , പോത്തൻകോട് പൂലന്തറ സ്വദേശി ഷിയാസ് (26), കല്ലറ മിതൃമ്മല സ്വദേശി അമൽദാസ് (അബ്ബാസ്19) എന്നിവരെയാണ‌് കഴക്കുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ചേങ്കോട്ടുകോണം, പൗഡിക്കോണം, സ്വാമിയാർമഠം, ഞാണ്ടൂർക്കോണം, ആനന്ദേശ്വരം എന്നിവിടങ്ങളിൽ സിപിഐ എം, ആർഎസ്എസ്  സംഘടനകളുടെ കൊടികളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച് വർഷങ്ങളായി സംഘർഷം ഉണ്ടാക്കുന്നവരാണ്‌ പ്രതികളെന്ന് പൊലീസ് പറഞ്ഞു .   അഖിലിനെ ബിജെപിക്കാർ മർദിച്ച വിരോധത്തിൽ സിപിഐ എം ബിജെപി സംഘർഷം ഉണ്ടാക്കാൻ ഉണ്ണിയുമായി ചേർന്നായിരുന്നു അക്രമം ആസൂത്രണം ചെയ‌്തത‌്.  ഇതിനായി സ്വാമിയാർമഠത്തിന് സമീപമുള്ള പടക്കക്കടയിൽനിന്ന‌് പടക്കങ്ങൾ വാങ്ങി കരിമരുന്ന് വേർതിരിച്ചെടുത്ത‌് നാടൻബോംബ‌് നിർമിക്കാനുള്ള സാമഗ്രികൾ സംഘടിപ്പിച്ച് ഉണ്ണിയുടെ വീട്ടിൽ വച്ച് നാടൻബോംബ് നിർമിച്ചു. ഷിയാസ്, അമൽദാസ് എന്നിവരെ വിളിച്ച് വരുത്തി ബൈക്കുകളിൽ ഞാണ്ടൂർക്കോണത്തെ ബിഎംഎസ് ഓഫിസിലും ക്ലബ്ബിലും ബോംബെറിഞ്ഞു . ഇത‌്   സിപിഐ എം പ്രവർത്തകരെന്ന‌് വരുത്തിത്തീർക്കാനും ശ്രമിച്ചു.   കഴക്കൂട്ടം സൈബർ സിറ്റി എസി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചും സമാന കേസുകളിലെ പ്രതികളെ  നിരീക്ഷിച്ചും മറ്റ് രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ‌് പ്രതികളെ അറസ്റ്റുചെയ്തത്. അനധികൃതമായി പടക്കങ്ങൾ സൂക്ഷിച്ച കടയുടമയ്ക്കെതിരെ കേസെടുത്തു. ഉണ്ണിക്ക് വട്ടപ്പാറ മുക്കുംപാലം പഞ്ചായത്തംഗത്തോടുള്ള വിരോധത്താൽ അംഗവുമായി വിരോധമുള്ള  അജീഷ് എന്നയാളുടെ വീട്ടിൽ നാടൻബോംബ് എറിഞ്ഞ കേസ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലുണ്ട്.   ഒരുമാസം മുമ്പ‌് പുളിയൻകോട് കോളനിയിൽ ദേവരാജന്റെ വീട്ടിൽ നാടൻബോംബ് എറിഞ്ഞ കേസിലും 6 മാസം മുമ്പ‌് പോത്തൻകോട് പ്ലാമൂട് താമസിക്കുന്ന ബിജെപി വാർഡംഗം അനിതകുമാരിയുടെ വീട്ടിലും കുറ്റിയാണിയിലെ ആളൊഴിഞ്ഞ പറമ്പിലും നാടൻബോംബുകൾ   എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത് ഈ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കഴക്കൂട്ടം സൈബർ  സിറ്റി എസി അനിൽകുമാറിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം ഇൻസ്‌പെക്ടർ എസ്എച്ച്ഒ എസ് വൈ സുരേഷ്, എസ്ഐ മാരായ സുധീഷ് കുമാർ, റോയ്, ഷാജി, വിയകുമാർ, അസി. എസ‌്ഐ ബിജു, സിപിഒമാരായ പ്രസാദ്, വിനോദ്, അരുൺ, പ്രിൻസ്‌  എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. Read on deshabhimani.com

Related News