കാസിം സഖാവ്‌ ഇനി ഓർമ; നടുക്കം മാറാതെ ഗസ്്‌റ്റ്‌ ഹൗസ്‌കൊല്ലം എല്ലാവരോടും കുശലം പറഞ്ഞും ചിരിച്ചും ഗസ്റ്റ് ഹൗസിന്റെ വരാന്തയിൽ ഊർജസ്വലനായി നടന്ന 'കാസിം സഖാവി'ന്റെ  വേർപാട് ആർക്കും വിശ്വസിക്കാനായില്ല. കശുവണ്ടി വ്യവസായത്തിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കാൻ കാഷ്യൂ വർക്കേഴ്സ് സെന്ററി(സിഐടിയു)നെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറിയായ ഇ കാസിം ശനിയാഴ്ച രാവിലെതന്നെ ആശ്രാമം ഗസ്റ്റ്ഹൗസിൽ എത്തിയിരുന്നു. രാവിലെ പത്തിന് കശുവണ്ടി വ്യവസായികളുടെ യോഗത്തിന് ശേഷമായിരുന്നു ട്രേഡ്  യൂണിയൻ പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ ചർച്ച.  ഗസ്റ്റ് ഹൗസിന്റെ രണ്ടാം നിലയിൽ വ്യവസായികളുമായി മുഖ്യമന്ത്രിയും മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയും ചർച്ച നടത്തുമ്പോൾ താഴെ ട്രേഡ് യൂണിയൻ നേതാക്കളുമായി സൗഹൃദം പങ്കുവച്ചും വ്യവസായത്തിലെ പ്രശ്നങ്ങൾ  സംസാരിച്ചും ഇ കാസിം സജീവമായുണ്ടായിരുന്നു. വ്യവസായികളുടെ യോഗം പകൽ 11ന് അവസാനിച്ചതോടെ കാസിം ഉൾപ്പെടെ ട്രേഡ് യൂണിയൻ നേതാക്കൾ മുകളിലത്തെ നിലയിലേക്ക് പോയി. യോഗത്തിനായി മുൻ നിരയിലെ കസേരയിൽ ഇരിക്കാൻ തുടങ്ങവെ 11.15 ന്‌ കാസിം കുഴഞ്ഞുവീഴുകയായിരുന്നു. ഹാളിലുണ്ടായിരുന്നവർ ഒരു നിമിഷം സ്തബ്ധരായി. വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രിയും മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയും ഉൾപ്പെടെയുള്ളവർ കാസിമിന്റെ അടുത്തേക്ക് ഓടിയെത്തി. അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ അബോധാവസ്ഥയിലായിരുന്ന കാസിമിനെ താങ്ങിയെടുത്ത് താഴത്തെ നിലയിലെത്തിച്ച് സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ നിമിഷങ്ങൾക്കുള്ളിൽ ജില്ലാ ആശുപത്രിയിലെത്തിച്ചു.  മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗത്തിനുശേഷം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ സംസാരിച്ചുകൊണ്ടിരിക്കെ ഇ കാസിമിന്റെ മരണവാർത്തയെത്തി. അതോടെ യോഗ നടപടികൾ നിർത്തിവച്ച്‌ മുഖ്യമന്ത്രിയും മന്ത്രി മേഴ്സിക്കുട്ടിഅമ്മയും ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. Read on deshabhimani.com

Related News