പിരിയാനെത്തിയവർ മക്കൾക്കുവേണ്ടി ഒന്നായി

വനിതാ കമീഷൻ നടത്തിയ മെഗാ അദാലത്തിൽ ചെയർപേഴ്‌സൺ എംസി ജോസഫൈൻ പരാതിക്കാരോട്‌ സംസാരിക്കുന്നു


തിരുവനന്തപുരം പിരിഞ്ഞ‌് ജീവിതം ആരംഭിച്ചശേഷം രണ്ടര വർഷം കഴിഞ്ഞാണ‌് അവർ കണ്ടുമുട്ടിയത‌്. പിരിയാനുണ്ടായ പ്രശ‌്നങ്ങളുടെ പുനരാലോചനകളിലേക്ക‌് കടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന മക്കളുടെ മുഖത്തേയ‌്ക്ക‌് രണ്ടുപേരും നോക്കി. ‘ഇവർക്കുവേണ്ടി നിങ്ങൾക്ക‌് ഒരുമിച്ച‌് ജീവിച്ചു കൂടേ’ ചോദ്യം വനിതാ കമീഷൻ അംഗങ്ങളുടെ വകയായിരുന്നു. മറുപടിക്കുപകരം രണ്ടാളും മക്കളെ മാറോടണയ‌്ക്കുന്നതാണ‌് പിന്നീട‌് കണ്ടത‌്. നിയമപരമായി പിരിയാൻ തയ്യാറെടുത്ത അച്ഛനും അമ്മയും ഒരുമിച്ചതോടെ മക്കൾക്കും സന്തോഷം. തങ്ങളെ ഒരുമിപ്പിക്കാൻ മുൻകൈയെടുത്ത വനിതാ കമീഷന‌് നന്ദി പറഞ്ഞ‌് മടങ്ങും മുമ്പ‌് ഒരു ഉറപ്പ‌് കൂടി കുടുംബം നൽകി. ഒക്ടോബർ അഞ്ചിന‌് വാടകവീട്ടിലേക്ക‌് താമസമായ ശേഷം തങ്ങൾ ഒരുമിച്ച‌് വീണ്ടും വരും. സന്തോഷ ജീവിതത്തിന‌് എല്ലാ ആശംസകളും നേർന്ന‌് കമീഷൻ അംഗങ്ങൾ യാത്രയാക്കി. ബുധനാഴ‌്ച വനിതാ കമീഷൻ നടത്തിയ മെഗാ അദാലത്താണ‌് പിരിയാനെത്തിയവരുടെ പുനർസംഗമ വേദിയായത‌്. സ്വത്ത‌ുക്കൾ എഴുതിവാങ്ങിയ ശേഷം മകൻ വീട്ടിൽനിന്നിറക്കി വിട്ട വൃദ്ധമാതാവിനും കമീഷൻ തുണയായി. വയോധികയെ വീട്ടിലെത്തിച്ച‌് സുരക്ഷിതമായി താമസിപ്പിക്കാൻ കമീഷൻ പൊലീസിന് നിർദേശം നൽകി. എത്രയും വേഗം വൃദ്ധയെ വൃദ്ധയുടെ സ്വന്തംവീട്ടിൽ താമസിപ്പിക്കാൻ നടപടിയെടുക്കണമെന്ന് അയിരൂർ എസ്ഐയോട് വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫെയ്ൻ നിർദേശിച്ചു. ജീവനും സ്വത്തിനും സംരംക്ഷണം ആവശ്യപ്പെട്ടാണ് വൃദ്ധ വനിതാ കമീഷനെ സമീപിച്ചത്. വീടും വസ്തുവും മകന് എഴുതി നൽകിയെ  ങ്കിലും മരണംവരെ മാതാപിതാക്കളെ ഒപ്പം താമസിപ്പിക്കണമെന്ന് പ്രമാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട‌്. എന്നാൽ, മകൻ തന്നെ വീട്ടിൽനിന്ന‌് ഇറക്കി വിട്ടതിനാലാണ‌് അമ്മ വനിതാ കമീഷന്റെ സഹായം തേടിയത‌്. ഭർത്താവിനോടൊപ്പം ഒരുമിച്ച് താമസിക്കാൻ അമ്മായിയമ്മയും ഭർതൃസഹോദരിയും അനുവദിക്കുന്നില്ലെന്നും വിവാഹമോചനത്തിന് നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന യുവതിയുടെ പരാതി പരിഹരിക്കാൻ ഫുൾ കമീഷൻ വിളിക്കാൻ തീരുമാനിച്ചു. ഭർത്താവിനെ ഫുൾ കമീഷൻ വിളിച്ചുവരുത്തും. മേലുദ്യോഗസ്ഥക്കെതിരെ സോഷ്യൽമീഡിയയിൽ അപവാദപ്രചാരണം നടത്തിയെന്ന പരാതിയിൽ ആരോപണവിധേയരായ കീഴ്ജീവനക്കാരെ വിളിച്ചുവരുത്താനും തീരുമാനിച്ചു.     തൈക്കാട‌് റസ‌്റ്റ‌് ഹൗസിൽ നടന്ന മെഗാ അദാലത്തിൽ നൂറ് പരാതിയാണ‌് പരിഗണിച്ചത‌്. 36 എണ്ണം തീർപ്പാക്കി. കക്ഷികൾ ഹാജരാകാതിരുന്നതും മറ്റുമായ 54 കേസ‌് അടുത്ത അദാലത്തിലേക്ക് മാറ്റി. Read on deshabhimani.com

Related News