വീട്ടമ്മയെ ശല്യംചെയ‌്ത സംഭവത്തിൽ പൊലീസ‌് അന്വേഷണം ആരംഭിച്ചുകോവളം   വെങ്ങാനൂർ കേന്ദ്രീകരിച്ച് പൂവാലശല്യം. വെള്ളിയാഴ്ച രാവിലെ മകളെ സ്കൂളിൽ കൊണ്ടുപോകാൻ വെങ്ങാനൂരിൽ ഇരുചക്രവാഹനത്തിൽ എത്തിയ വീട്ടമ്മയെ ശല്യംചെയ്ത മൂന്നംഗ സംഘം നാട്ടുകാർ എത്തുമ്പോഴേക്കും രക്ഷപ്പെട്ടു. ഇവരുടെ വാഹന നമ്പർ പൊലീസിനു നൽകി. അന്വേഷണത്തിൽ  നമ്പർ വ്യാജമാണെന്നു തെളിഞ്ഞതായി  പൊലീസ് പറഞ്ഞു. രാവിലെയും വൈകുന്നേരവും സ്കൂൾ സമയം കേന്ദ്രീകരിച്ചാണ് ഇവരുടെ ശല്യം കൂടുന്നത്. പൊലീസ് പട്രോളിങ‌് ഇല്ലാത്തതുകാരണമാണ് പൂവാലശല്യം കൂടുന്നതെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ സമയങ്ങളിൽ നമ്പർ പ്ലേറ്റ് ഇല്ലാതെയും നമ്പർ പ്ലേറ്റുകൾ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനായി മുകളിലേക്ക് മടക്കിവച്ചും ഇവർ അമിത ശബ്ദത്തിൽ ചീറിപ്പായുന്നു. ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം പേർ ഒരേ സമയം സഞ്ചരിക്കുന്നത് സ്ഥിരംകാഴ്ചയാണ്. മുമ്പ‌് നാട്ടുകാർ ഇവരെ വിലക്കിയിരുന്നെങ്കിലും സംഘമായി എത്തുന്ന പൂവാലൻമാർ ഭീക്ഷണിപ്പെടുത്തുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. വെങ്ങാനൂരിലെ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ച് എത്തുന്ന ഇവർ സ്കൂൾ മതിലിൽ കയറിയിരുന്ന് പെൺകുട്ടികളെ ശല്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്യുന്നുവെന്ന് സ്കൂൾ അധികൃതർ നിരവധിതവണ പരാതിപ്പെട്ടിരുന്നു. പൂവാലശല്യത്തിനു പുറമെ കോവളം കാരോട് ബൈപ്പാസ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടവും ഉപയോഗവും വർധിക്കുന്നതായി പരാതിയുണ്ട്.  ഇരുചക്രവാഹങ്ങൾ രൂപമാറ്റം വരുത്തുന്നതിനെതിരെയും ബൈക്ക് റേസിങ‌് സംഘത്തിനെതിരെയും നടപടിയെടുക്കുമെന്ന് വിഴിഞ്ഞം എസ്ഐ ഗോപകുമാർ പറഞ്ഞു. Read on deshabhimani.com

Related News