പുനരധിവാസ പ്രവർത്തനങ്ങളിൽ തൊഴിലാളികൾ പങ്കാളികളാകുക: സിഐടിയുതിരുവനന്തപുരം കാലവർഷക്കെടുതിയിൽ വീടുകൾ ഒഴിഞ്ഞുപോകേണ്ടിവന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ എല്ലാ ട്രേഡ് യൂണിയനുകളോടും തൊഴിലാളികളോടും സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ‌് അഭ്യർഥിച്ചു. വീടുകളും പരിസരവും ശുചിയാക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാ തൊഴിലാളികളും പങ്കെടുക്കണം. ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ആത്മാർഥമായി രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾ തൊഴിലാളി വർഗത്തിനാകെ അഭിമാനമാണ്. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ഈ പ്രവർത്തനത്തിന് വഹിച്ച പങ്കിനെ അനുമോദിക്കുന്നു. ഇതര തൊഴിലാളികളും ജീവൻ രക്ഷാദൗത്യത്തിൽ പങ്കാളികളായിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങൾ കേരളത്തെ പുതുക്കിപ്പണിയാനുള്ള സർക്കാർ യജ്ഞത്തിൽ പങ്കാളികളാകലാണ് എല്ലാവരുടെയും കടമ. എല്ലാ തൊഴിലാളികളും ചുരുങ്ങിയത് രണ്ടുദിവസത്തെ വേതനം സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം. ഓരോ സംഘടനയും അംഗങ്ങളിൽനിന്ന് ഫണ്ട് ശേഖരിച്ച് എത്രയുംവേഗം അയക്കണം. ദുരിതത്തിൽ അകപ്പെട്ട ജനങ്ങൾക്ക് തണലേകാൻ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണം. സംസ്ഥാനത്തെ കാലവർഷക്കെടുതികളുടെ സാഹചര്യത്തിൽ 30ന് സിഐടിയു, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ സംഘടനകൾ നടത്താൻ തീരുമാനിച്ച പഞ്ചായത്ത് കാൽനടജാഥകൾ ഒഴിവാക്കി. സെപ്തംബർ അഞ്ചിന് സംസ്ഥാനത്ത് നടത്താൻ തീരുമാനിച്ചിരുന്ന സമരവും ഉപേക്ഷിക്കാൻ തീരുമാനിച്ചു. എല്ലാവരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനം. ദുരിതാശ്വാസ‐ പുനരധിവാസ പ്രവർത്തനങ്ങൾക്ക് വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം കൊടുക്കുന്ന പ്രവർത്തകർ ഒഴികെയുള്ളവർ മാത്രമേ  ഡൽഹി മാർച്ചിൽ പങ്കെടുക്കേണ്ടതുള്ളൂവെന്നും സെക്രട്ടറിയറ്റ‌് അറിയിച്ചു. Read on deshabhimani.com

Related News