വാര്‍ത്താ അവതാരകന്‍ വേണുവിനെതിരായ പരാതി; യഥാർഥ വീഡിയോ ദൃശ്യം പൊലീസ് പരിശോധിക്കുംകൊല്ലം > മാതൃഭൂമി ചാനൽ അവതാരകൻ വേണു ബാലകൃഷ്ണൻ  മതസ്പർധ വളർത്താൻ ശ്രമിച്ച  ചർച്ചയുടെ യഥാർഥ വീഡിയോ ദൃശ്യം പൊലീസ് പരിശോധിക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം വീഡിയോ ദൃശ്യം നൽകാൻ ചാനൽ മേധാവികളോട് ആവശ്യപ്പെട്ടു. ചർച്ചയിൽ പങ്കെടുത്തവരുടെയും അവതാരകന്റെയും മൊഴി രേഖപ്പെടുത്തലും  തെളിവെടുപ്പും തുടർന്ന് നടക്കും. കൊല്ലം വെസ്റ്റ‌് സിഐക്കാണ് അന്വേഷണച്ചുമതല. നാല് സിഐമാർ ഉൾപ്പെടുന്നതാണ് പ്രത്യേക അന്വേഷകസംഘം. ജൂൺ ഏഴിന് മാതൃഭൂമി ചാനലിൽ സംപ്രേഷണം ചെയ്ത ന്യൂസ് അവർ ഡിബേറ്റിൽ വേണു നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ ബിജു കൊല്ലം സിറ്റി പൊലീസ് കമീഷണർ അരുൾ ആർ ബി കൃഷ്ണയ്ക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡിവൈഎഫ്ഐ പ്രവർത്തകൻ കാവനാട് വെളിയിൽ തെക്കതിൽ പുത്തൻവീട്ടിൽ നസീമുദീനും പരാതി നൽകി. ഡിജിപിയുടെ നിയമോപദേശത്തിനു ശേഷം കൊല്ലം എസിപി പ്രദീപ് കേസ് രജിസ്റ്റർ ചെയ്തു തുടർനടപടി ആരംഭിച്ചു. രണ്ടു വ്യക്തികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരു വിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തി  സമൂഹത്തിൽ വർഗീയതയും മതസ്പർധയും സൃഷ്ടിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാനിയമം 153 എ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മൂന്നുവർഷം വരെ തടവു ലഭിക്കാം. Read on deshabhimani.com

Related News