ഉദയകുമാർ കുടുംബസഹായ ഫണ്ട്31ന് കോടിയേരി കൈമാറും കോഴഞ്ചേരി  എസ് ഉദയകുമാർ കുടുംബസഹായ ഫണ്ട് 31ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകും.  ഡിവെഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎൽഎ ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.  ഡിവൈഎഫ്ഐ കോഴഞ്ചേരി ബ്ലോക്ക് സെക്രട്ടറിയും സിപിഐ എം കിടങ്ങന്നൂർ ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന എസ് ഉദയകുമാർ രോഗബാധയെത്തുടർന്നാണ് മരണപ്പെട്ടത്.   ബാല്യകാലം മുതൽ സാമൂഹിക സാംസ്കാരിക വിദ്യാർഥി സംഘടനാ പ്രവർത്തകനായിരുന്നു. വളരെ വേഗമാണ് യുവജന സമരനായകനും കമ്യൂണിസ്റ്റ് പാർടി നേതാവുമായി ഉയർന്നത്. തെറ്റുകൾക്കെതിരെ സന്ധിയില്ലാത്ത പ്രക്ഷോഭമാണ് അദ്ദേഹം നയിച്ചത്. ദീർഘവീക്ഷണവും ഇച്ഛാശക്തിയും അചഞ്ചലമായി തുടർന്ന ഉദയൻ അതുകൊണ്ടുതന്നെ നാടിന്റെ നെഞ്ചിടങ്ങളിൽ ഇന്നും ജീവിക്കുകയാണ്.  നിർധനമായ കുടുംബാന്തരീക്ഷമാണ് ഉദയനുണ്ടായിരുന്നത്. ഭാര്യക്ക് ജോലിയില്ല. രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ, ഇവരുടെ ഇരുളടഞ്ഞ ഭാവിക്ക് വെളിച്ചമേകാനാണ് ഡിവൈഎഫ്ഐയും, സിപിഐ എമ്മും കുടുംബസഹായ ഫണ്ടിന് രൂപം നൽകിയത്. പാർടി പ്രവർത്തകരും  നാട്ടുകാരും നൽകിയ തുകയാണ് 31ന് പകൽ മൂന്നിന് നടക്കുന്ന ചടങ്ങിൽ കോടിയേരി ബാലകൃഷ്ണൻ കുടുംബാംഗങ്ങൾക്ക് കൈമാറുന്നത്. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ അനന്തഗോപൻ, ആർ ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന്  സിപിഐ എം ഏരിയ സെക്രട്ടറി ആർ അജയകുമാർ അറിയിച്ചു.  Read on deshabhimani.com

Related News