അപ്പർകുട്ടനാട്ടിൽ ദുരിതംതന്നെ തിരുവല്ല വെള്ളത്താൽ ചുറ്റപ്പെട്ടിടത്ത് കുടിക്കാൻ വെള്ളമില്ല...വൈദ്യുതിയില്ല, വീടുകൾ നിറയെ ഇഴജന്തുക്കൾ...വെള്ളം താഴ്ന്നിട്ടില്ലാത്ത അപ്പർകുട്ടനാട്ടിലെ ജനങ്ങളുടെ ജീവിതം തുടർച്ചയായ പത്താംദിവസവും ദുരിതപൂർണമാണ്. നിരണം, പെരിങ്ങര, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിലെ നിരവധി വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്.    ഈ പ്രദേശങ്ങളിൽ വളരെ പതുക്കെയാണ് വെള്ളമിറങ്ങുന്നത്. ചെറുറോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ടാർപോളിൻകൊണ്ട് ടെന്റ് നിർമിച്ച് അതിലാണ് പലരും അന്തിയുറങ്ങുന്നത്. മുങ്ങിയ റോഡിലൂടെ വാഹനങ്ങളിൽ ഭക്ഷണസാധനങ്ങൾ എത്തിക്കാനാകാത്തത് മൂലം കിലോമീറ്ററുകൾ അകലെയുള്ള തുരുത്തുകളിലേക്ക് വള്ളങ്ങളിലാണ് സാധനങ്ങൾ എത്തിക്കുന്നത്. വെള്ളമിറങ്ങിയ വീടുകളിൽ ചെളി അടിഞ്ഞുകൂടിയതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ ശ്രമകരമാണ്. വീടുകളിലേക്ക് മടങ്ങിയെത്തുന്നവർ ഉപകരണങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി നശിച്ചുകിടക്കുന്നതാണ് കാണുന്നത്. വലിയ ദുർഗന്ധവുമുണ്ട്.     തിരുവല്ല,അപ്പർകുട്ടനാട്‌, സിപിഐ എം പ്രവർത്തകരും സന്നദ്ധപ്രവർത്തകരുമെല്ലാം വീടുകൾ വൃത്തിയാക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നുണ്ട്. വെള്ളം ഉയർന്ന നാളുമുതൽ വിവിധ പ്രദേശങ്ങളിൽ സന്നദ്ധസംഘടനകൾ നടത്തിവന്ന ആശ്വാസപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് അപ്പർകുട്ടനാട് ഉൾപ്പടുന്ന തിരുവല്ലയിലാണ്. ഓരോ ക്യാമ്പിലും അഞ്ഞൂറിലധികം ആളുകൾ കഴിയുന്നുണ്ട്. ഇവർക്കല്ലാം ഭക്ഷണമൊരുക്കുന്ന ശ്രമകരമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ മെഡിക്കൽ സംഘങ്ങൾ ജാഗ്രതപുലർത്തുന്നുണ്ട്.      Read on deshabhimani.com

Related News