മനയ്ക്കച്ചിറ പാലത്തിൽ തങ്ങിയ മാലിന്യങ്ങൾ നീക്കി ഇരവിപേരൂർ പ്രളയത്തിൽ ഒഴുകിവന്ന് മനയ്ക്കച്ചിറ പാലത്തിന് ഭീഷണിയായി തൂണുകൾക്കിടയിൽ തടഞ്ഞുനിന്ന വൻ മുളംകൂട്ടവും പ്ലാസ്റ്റിക് മാലിന്യങ്ങളും രണ്ടുദിവസത്തെ പരിശ്രമത്തിനൊടുവിൽ കരയ്ക്കടുപ്പിച്ചു. മണിമലയാറിന്റെ തീരത്തെവിടെനിന്നോ തീരമിടിഞ്ഞ് ഒഴുകിയെത്തിയ മുളംകൂട്ടം പാലത്തിന്റെ തൂണുകൾക്കിടയിൽ തടഞ്ഞുനിന്നതോടെ ഇതുവഴി ഉൾനാടൻ മത്സ്യബന്ധനത്തിനുള്ള ചെറുവള്ളങ്ങൾക്കുപോലും കടന്നുപോകാനാകുമായിരുന്നില്ല. മുള തടയപ്പെട്ടതോടെ പിന്നാലെ ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമുള്ളവയും നദിയിലാകെ പരന്നു. വെള്ളം താഴ്ന്നതോടെ അസഹനീയമായ ദുർഗന്ധമാണ് പ്രദേശമാകെ പരന്നത്. ഇതിനിടയിൽ മൃതദേഹമുണ്ടന്ന് വാർത്തയും പരന്നു. മുളംകൂട്ടം പാലം പണിക്കുസ്ഥാപിച്ച തെങ്ങിൻ കുറ്റികളിൽ ഉടക്കി നിൽക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ ഇരവിപേരൂർ പഞ്ചായത്ത് വൈസ്പ്രസിഡന്റ്അഡ്വ. എൻ രാജീവ്, കവിയൂർ പഞ്ചായത്ത് അംഗം അജിതാ തമ്പി എന്നിവരുടെ നേതൃത്വത്തിൽ നിരവധി തൊഴിലാളികൾ രംഗത്തിറങ്ങി. പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ വി എസ് സുഭാഷ് കുമാർ, അഗ്നിശമന സേന എന്നിവരും മാലിന്യ നീക്കത്തിന് മുന്നിട്ടിറങ്ങി. ശനിയാഴ്ച വൈകുന്നേരത്തോടെ രണ്ട് ജെസിബിയുടെ സഹായത്തോടെ മുളങ്കൂട്ടവും മാലിന്യങ്ങളും കരയ്ക്കടുപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചശേഷം ബാക്കിയുള്ളവ സുരക്ഷിത സ്ഥാനത്ത് എത്തിച്ച് കത്തിച്ചു കളയാനാണ് പരിപാടി.     Read on deshabhimani.com

Related News