കുട്ടികൾക്കായി ഹോമിയോപ്പതിവകുപ്പിന്റെ 'സദ്ഗമയ'പത്തനംതിട്ട പ്രളയക്കെടുതികൾക്ക് ശേഷം കുരുന്നുകൾ സ്‌കൂളുകളിലേക്ക് തിരികെയെത്തിയപ്പോൾ അവരുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുന്നതിനായി ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സദ്ഗമയ പദ്ധതി കുട്ടികൾക്ക് ഉപകാരപ്രദമാകുന്നു. മുൻകാലങ്ങളിൽ സ്‌കൂൾ ആരോഗ്യപദ്ധതി എന്ന നിലയിൽ നടത്തി വന്ന ജ്യോതിർഗമയായിൽ നിന്നുള്ള ആശയങ്ങൾ ഉൾക്കൊണ്ട് ഉരുത്തിരിഞ്ഞ് വന്ന വേറിട്ട പദ്ധതിയാണ് സദ്ഗമയ. ദുരിതം ഏറ്റവും കൂടുതൽ ഗ്രസിച്ച ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള സദ്ഗമയ ആരോഗ്യസംരക്ഷണ പദ്ധതിയിൽ നിരവധി പ്രശ്‌നങ്ങളാണ് ഉരുത്തിരിഞ്ഞ് വരുന്നതെന്ന് ഹോമിയോപ്പതി ഡി.എം.ഒ ഡോ.ചെറിയാൻ ഉമ്മൻ പറഞ്ഞു. ജില്ലയിലെ പല ഭാഗങ്ങളിലായി കൗമാരപ്രായമായ നൂറോളം കുട്ടികളെ കഴിഞ്ഞ ദിവസങ്ങളിലായി കൗൺസിലിംഗിന് വിധേയരാക്കി. പ്രളയവുമായി ബന്ധപ്പെട്ട് മാനസികസമ്മർദ്ദം, വൈകല്യങ്ങൾ എന്നിവ നേരിടേണ്ടി വന്നവർക്കുള്ള പരിശീലനമാണ് നടക്കുന്നത്. പ്രളയകാര്യങ്ങളെക്കുറിച്ച് കുട്ടികളുമായി സംസാരിച്ചതിന് ശേഷം അവ മാറ്റിയെടുക്കുന്നതിന് വിവിധതരം     കളികൾ, ചിത്രരചനകൾ ,ചർച്ചകൾ, കഥ, കവിത എന്നിവ നടത്തി കുട്ടികളുമായി ആശയവിനിമയം നടത്തും. ഒപ്പം കൗൺസിലിംഗിന് ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. മാനസിക സമ്മർദ്ദമുള്ള കുട്ടികളെ ഇതിലൂടെ തിരിച്ചറിഞ്ഞ് ഇവർക്ക് പ്രത്യേക കൗൺസിലിംഗ് ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ബുദ്ധിമുട്ടുകൾ മാറുന്നത് വരെ ചികിത്സ ലഭ്യമാണ്. ഒരു മാസം ഇത്തരത്തിൽ ജില്ലയിലുടനീളം പ്രവർത്തനങ്ങളുണ്ടായിരിക്കും. കൂടാതെ വീടുകൾ കേന്ദ്രീകരിച്ചും പ്രായമായവർക്കുള്ള പ്രത്യേക കൗൺസിലിംഗും മാനസിക പീഡകൾ കുറയ്ക്കുന്നതിനുള്ള പരിപാടികളും വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നതാണ്. ഇതിലൂടെ ദിശാബോധമുള്ള തലമുറ നാടിന്റെ സമ്പത്ത് എന്ന ആപ്തവാക്യം പാലിക്കുകയാണ് ഹോമിയോപ്പതി വകുപ്പ്. രക്ഷകർത്താക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സദ്ഗമയ സെമിനാറുകൾ വിവിധ ബോധവത്ക്കരണ ക്ലാസുകൾ പഠനക്ലാസുകൾ എന്നിവ ജില്ലയിലുടനീളം നടത്തി വരികയാണ്. കുട്ടികളുടെ ശാരീരിക മാനസിക സാമൂഹിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചികിത്സയിലൂടെയും കൗൺസിലിംഗിലൂടെയും മാറ്റങ്ങൾ സൃഷ്ടിക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്.   Read on deshabhimani.com

Related News