നഷ്ടങ്ങളുടെ കണക്ക് നിരത്തി വാഴക്കന്നുകളുടെ നാട്  പത്തനംതിട്ട വാഴവിത്തുകളുടെ വിപണനത്തിൽ വകയാറിന്റെ പെരുമയ്ക്ക് മൂന്ന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. എന്നാൽ അപ്രതീക്ഷിതമായുണ്ടായ പ്രളയം വാഴവിത്തുകളുടെ നാടിനെ വല്ലാതെ തളർത്തിക്കളഞ്ഞു. പത്ത് ഹെക്ടറോളം സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഇരുപതിനായിരത്തിലധികം വാഴയാണ് വെള്ളം കയറി നശിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷി ഒരൊറ്റ പ്രളയം കൊണ്ട് നശിച്ചതോടെ നഷ്ടമായത് കർഷകരുടെ സ്വപ്നങ്ങൾ കൂടിയാണ്. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഇവർ. നേന്ത്രൻ, ഞാലിപ്പൂവൻ ഇനത്തിൽപ്പെട്ട വാഴയാണ് പ്രധാനമായി ഇവിടെ കൃഷി ചെയ്തിരുന്നത്. മുപ്പത്തിയഞ്ചോളം കർഷകരുടെ സ്വപ്‌നങ്ങളാണ് പ്രളയത്തിൽ കടപുഴകിയത്. ഇത്തരത്തിൽ നഷ്ടം സംഭവിച്ച കർഷകർക്ക് കൈത്താങ്ങാകാൻ ഒരുങ്ങുകയാണ് കൃഷി വകുപ്പ്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്ക് ഉയർന്ന ഗുണമേന്മയുള്ള വാഴക്കന്നുകൾ വിതരണം ചെയ്ത് കൃഷിയെ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമം. ഇതിനായി ഗുണമേന്മയുള്ള വിത്തുകൾ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്ന് കൊണ്ടുവരാനും പദ്ധതിയുണ്ട്. വാഴവിത്തുകളുടെ വിപണനം തന്നെയാണ് വകയാറിനെ പ്രശസ്തിയിലെത്തിച്ചത്. വാഴകൃഷി ജില്ലയിലെവിടെയായാലും വിത്ത് വകയാറിൽ നിന്ന് എന്നതാണ് കർഷകരുടെ രീതി. വാഴവിത്തുകൾ മെച്ചപ്പെട്ട വിളവ് നൽകാൻ തുടങ്ങിയതോടെ വകയാറിന്റെ പെരുമ ഉയർന്നു. ഒപ്പം ഇതരസംസ്ഥാനങ്ങളിലേയ്ക്കും വകയാർ വാഴവിത്തുകൾ വേരുപിടിക്കാൻ തുടങ്ങി. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നിയിൽ നിന്ന‌് മൂന്നു കിലോമീറ്റർ അകലെയാണ് വകയാർ ജങ‌്ഷൻ. ഇവിടെ റോഡരുകിൽ തന്നെയാണ് വിൽപ്പന നടത്തുന്നതും. തമിഴ്‌നാട്ടിലെ തിരുനെൽവേലി, അംബാസമുദ്രം, തക്കല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വാഴവിത്തുകൾ എത്തിച്ചായിരുന്നു കച്ചവടത്തിന്റെ തുടക്കം. പിന്നീട് വകയാർ കേന്ദ്രമാക്കി വ്യാപകമായി വാഴകൃഷി ആരംഭിക്കുകയായിരുന്നു. ഏത്തവാഴയുടെ വിത്തിനും ആവശ്യക്കാർ ഏറെയാണ്. പ്രദേശത്ത് ഏക്കർ കണക്കിന് ഭൂമിയിലാണ് ഏത്തവാഴകൃഷിയുള്ളത്. പാട്ടത്തിനെടുത്ത സ്ഥലത്താണ് കർഷകർ കൃഷി നടത്തുന്നത്. ഇവിടെ നിന്ന‌് വിൽക്കുന്ന വിത്തുകൾക്ക് രോഗപ്രതിരോധശേഷി കൂടുതലുണ്ടെന്ന് കൃഷിവകുപ്പ് അധികൃതർ വിലയിരുത്തിയിട്ടുണ്ട‌്.     Read on deshabhimani.com

Related News