പ്രളയബാധിതർക്ക് സിബിൽ സ്‌കോർ നോക്കാതെ വായ്പ നൽകാൻ നിർദേശം  പത്തനംതിട്ട ജില്ലയിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സിബിൽ സ്‌കോർ നോക്കാതെ ദുരിതബാധിതർക്ക് വായ്പ അനുവദിക്കാൻ നിർദേശം. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ബാങ്ക് പ്രതിനിധികളുടേയും ജനപ്രതിനിധികളുടേയും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളുടേയും സംയുക്തയോഗത്തിലാണ് നിർദേശം. പ്രളയബാധിതർക്ക് ബാങ്കുകളുടെ ഭാഗത്ത് നിന്നും സഹായം നൽകുന്നതിനെ കുറിച്ച് ചർച്ച ചെയ്യാനാണ് ബാങ്ക് അവലോകന സമിതി യോഗം ചേർന്നത്.  വിവാഹ ആവശ്യങ്ങൾക്ക് വായ്പ അനുവദിക്കാനും വിദ്യാഭ്യാസ വായ്പകൾക്ക്് ആറുമാസത്തെ മോറട്ടോറിയം നൽകാനും കുടിശിക ഉള്ളവർക്ക് അത് പുന:ക്രമീകരിച്ച് ലോൺ നൽകാനും യോഗം നിർദേശിച്ചു. കൂടാതെ വ്യാപാരി വ്യവസായികൾക്ക് പത്ത് ലക്ഷം രൂപ ഈടില്ലാതെയും പലിശരഹിതമായും നൽകാൻ സർക്കാർ തലത്തിൽ നടപടിയുണ്ടാകാനും സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റിയിൽ നിർദേശം വയ്ക്കുന്നതിനും  ഇതിനായി ദുരിതബാധിത മേഖലയിൽ കച്ചവടപ്രതിനിധികളേയും ബാങ്ക് പ്രതിനിധികളേയും ഉൾപ്പെടുത്തി ലീഡ് ബാങ്ക് മാനേജർ വി  വിജയകുമാരന്റെ നേതൃത്വത്തിൽ യോഗം ചേരാനും തീരുമാനിച്ചു. മാത്രമല്ല, ഇപ്പോഴുള്ള പ്രവർത്തന മൂലധനം മൂന്ന് വർഷംകൊണ്ട് തവണകളായി തിരിച്ചടയ്ക്കുന്ന വിധത്തിലാക്കാനും ബാങ്കുകൾ തീരുമാനിച്ചു.  ജില്ലയിലുണ്ടാകുന്ന നിക്ഷേപങ്ങൾ ഈ ജില്ലയിൽ തന്നെ വായ്പ കൊടുക്കാൻ ബാങ്കുകൾ തയാറാകണമെന്ന് യോഗത്തിൽ പങ്കെടുത്ത ആന്റോ ആന്റണി എംപി പറഞ്ഞു. പ്രളയബാധിതർ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് അവർക്ക് വേണ്ട സഹായം നൽകി മുന്നോട്ട് കൊണ്ട് വരണമെന്നും, മോറട്ടോറിയം കാലാവധി ബാങ്കുകൾ പുനപരിശോധിക്കണമെന്നും എംപി പറഞ്ഞു. കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നൽകാനുള്ള തീരുമാനം സ്തുത്യർഹമാണ് എന്നാൽ നിലവിൽ കുടുംബശ്രീയിൽ അംഗമല്ലാത്തവർക്ക് കൂടി അംഗത്വമെടുക്കാനുള്ള അവസരം നൽകി വായ്പാസൗകര്യം ലഭ്യമാക്കണമെന്നും എംപി ആവശ്യപ്പെട്ടു.    വ്യാപാരിവ്യവസായികൾക്ക് ഏറ്റവും വലിയ നഷ്ടം സംഭവിച്ച പ്രദേശമാണ് ആറന്മുളയും റാന്നിയുമെന്ന് എംഎൽഎമാരായ രാജു എബ്രഹാമും വീണാജോർജും പറഞ്ഞു.  സ്ഥാപനങ്ങൾ ഉയർന്ന തുകയ്ക്ക് ഇൻഷുറൻസ് ചെയ്തവരാണ് പല വ്യാപാരികളും. എന്നാൽ ഇൻഷുറൻസ് ക്ലെയിം ആവശ്യപ്പെട്ട് കമ്പനികളെ സമീപിക്കുന്ന പലർക്കും നിരാശാജനകമായ അനുഭവമാണുണ്ടാകുന്നതെന്നും, മുഴുവൻ തുകയും നൽകാൻ കമ്പനികൾ തയാറാകുന്നില്ലെന്നും വീണാജോർജ് എംഎൽഎ പറഞ്ഞു. ഇത്തരം കാര്യങ്ങളിലുള്ള പരിഹാരങ്ങൾ എത്രയും പെട്ടെന്നുണ്ടാകണമെന്നും, ഒരു വൻ ദുരന്തത്തെ മുഖാമുഖം കണ്ട് നിന്നവരെ വീണ്ടും പ്രശ്‌നത്തിലാക്കാതെ അവരെ സഹായിക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമായി കാണണമെന്നും എംഎൽഎ പറഞ്ഞു. വായ്പ ആവശ്യപ്പെട്ട് ബാങ്കുകളിൽ എത്തുന്നവർക്ക് ലഭ്യമായ രേഖകൾ പരിശോധിച്ച് എത്രയും പെട്ടെന്ന് വായ്പ അനുവദിക്കണമെന്ന് രാജു എബ്രഹാം എംഎൽഎ പറഞ്ഞു. അത്തരത്തിലുള്ള നടപടികൾ ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും, വായ്പാ സെക്ഷനുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലായെന്ന പരാതിക്ക് ബാങ്ക് അധികൃതർ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.  ദുരിതബാധിതർക്ക് നൽകുന്ന സർക്കാർ സഹായമായ പതിനായിരം രൂപയിൽ നിന്ന് ബാങ്ക് അധികൃതർ പഴയ കുടിശികയും അവരുടെ സേവന ചാർജുകൾ പിടിക്കുന്നതും ഒഴിവാക്കണമെന്ന്  കലക്ടർ പി ബി നൂഹ് നിർദേശിച്ചു. ബാങ്ക് പിടിക്കുന്ന തുക എത്ര ചെറുതായാലും അത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലുതാണെന്നും കലക്ടർ പറഞ്ഞു.  അടൂർപ്രകാശ്എംഎൽഎ, എസ്ബിഐ റീജണൽ മാനേജർ സുരേഷ്‌കുമാർ, ആർബിഐ എജിഎം സി ജോസഫ്, നബാർഡ് ഡിഡിഎം രഘുനാഥപിള്ള, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ ജെ ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.     Read on deshabhimani.com

Related News