ആറന്മുളയുടെ പുനർനിർമാണം: സമഗ്ര സർവേയ്ക്ക് തുടക്കം  പത്തനംതിട്ട പ്രളയജലം തകർത്ത ആറന്മുളയുടെ പുനർനിർമാണത്തിന് വേണ്ടിയുള്ള സമഗ്രസർവേയ്ക്ക് തുടക്കമായി. ആറന്മുളയുടെ സാംസ്‌കാരിക തനിമ ചോരാതെ പുനർനിർമാണം നടത്താനാണ് സമഗ്രസർവേയെന്ന് വീണാജോർജ് എംഎൽഎ പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്‌സിന്റെ നേതൃത്വത്തിൽ ആറന്മുള സഹകരണ എഞ്ചിനിയറിംഗ് കോളജ്, ശ്രീബുദ്ധ എഞ്ചിനിയറിംഗ് കോളജ്, മുസലിയാർ എഞ്ചിനിയറിംഗ് കോളജ്, കടമ്മനിട്ട മൗണ്ട് സിയോൺ എഞ്ചിനിയറിംഗ് കോളജ്, ഇലവുംതിട്ട വനിതാ ഐടിഐ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് സർവേ നടത്തുന്നത്.  ആദ്യഘട്ടത്തിൽ ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയാണ് സർവേ. ഇതിനായി നിലവിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്‌സിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് കൂടാതെ, ജിയോടാഗ്, ഡ്രോൺ എന്നീ സംവിധാനങ്ങളുടെ സാധ്യതകൾ കൂടി സർവേയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.  കാലാവസ്ഥാ വ്യതിയാനമുണ്ടാക്കിയ ദുരിതങ്ങൾ പരിഗണിച്ചും നദീതടം അടിസ്ഥാനമാക്കിയുള്ളതുമാണ് സർവേ. ദുരിതബാധിതരുടെ ദീർഘകാല പുനരധിവാസം, ഈ പ്രദേശങ്ങളിലെ ഭാവിയിലെ നിർമാണപ്രവർത്തനങ്ങളുടെ സ്വഭാവം, വികസനത്തിന്റെ രീതികൾ തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയാണ് സർവേ. കൂടാതെ പ്രളയത്തിലുണ്ടായ നഷ്ടങ്ങൾ, നശിച്ച വീടുകളുടെ കണക്കുകൾ എന്നിങ്ങനെ എല്ലാത്തരത്തിലുള്ള സാമ്പത്തിക നഷ്ടങ്ങളും രേഖപ്പെടുത്തും. അതിന് ശേഷം ശേഖരിച്ച വിവരങ്ങൾ പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് വോളന്റിയേഴ്‌സിന് നിർദ്ദേശം നൽകിയിരിക്കുന്നത്. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആറന്മുള നിയോജകമണ്ഡലത്തിന്റെ പുനർനിർമാണത്തെക്കുറിച്ച് തീരുമാനിക്കുക       Read on deshabhimani.com

Related News