പുനരധിവാസത്തിന് പ്രത്യേക പാക്കേജ് ഉണ്ടാക്കണം: ചിറ്റയം പത്തനംതിട്ട പ്രളയക്കെടുതിയിൽ സർവതും നഷ്ടമായവരുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് ഉണ്ടാക്കണമെന്ന് അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു. പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച 'പ്രളയബാധിത പത്തനംതിട്ടയ്ക്കായി ഒഴുക്കിനെതിരെ ഒന്നിച്ച്' സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചിറ്റയം. അച്ചൻകോവിൽ കരകവിഞ്ഞ് പന്തളം ടൗണിൽ ഉൾപ്പെടെ പല ഭാഗങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടമാണ് സംഭവിച്ചത്. അമ്പതോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും രക്ഷാപ്രവർത്തനം നടത്താനും കഴിഞ്ഞു. പന്തളത്ത് 14ന് തന്നെ നാല് ക്യാമ്പുകൾ തുറന്ന് വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ അങ്ങോട്ടുമാറ്റി. പൂവാർ, വർക്കല, ചെറിയഴീക്കൽ, കൊല്ലം ഭാഗങ്ങളിൽനിന്ന് ബോട്ടുകളെത്തിച്ച് ആളുകളെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. സ്പീഡ് ബോട്ട് സംഘടിപ്പിച്ച് 16 ദിവസം മാത്രം പ്രായമുള്ള കഞ്ഞിനെയും അമ്മയേയും രക്ഷപ്പെടുത്താനായി. എന്നാൽ പലഭാഗങ്ങളിൽനിന്നും ബോട്ടുകൾ ലഭ്യമായിട്ടും ജാഗ്രതയോടുകൂടി അവ ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞില്ല. ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല. പന്തളത്ത് കാർഷിക മേഖലയിൽ മാത്രം മൂന്ന് കോടിയുടെ നഷ്ടം സംഭവിച്ചു. കാർഷിക വിളകളും ഫാമുകളും ഒഴുക്കെടുത്തു പോയി. കർഷകരെ സഹായിക്കാനുള്ള സംവിധാനം ഉണ്ടാകണം. സംസ്ഥാന സർക്കാർ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ദുരിതബാധിതർക്ക് കിട്ടുന്ന ധനസഹായം വായ്പയുടെ പേരിൽ പിടിച്ചുപറിക്കുന്ന നിലയിലേക്ക് ചില ബാങ്കുകൾ മാറുന്നുണ്ട്. ഇത് തടയണം. വെള്ളത്തിൽ മുങ്ങിപ്പോയ കശുവണ്ടി ഫാക്ടറിയിൽ നോട്ടീസ് പതിച്ച സംഭവം പോലുമുണ്ടായി. കൃഷി, വ്യവസായം, വീട് പുനരുദ്ധാരണം തുടങ്ങിയവയ്ക്ക് പ്രത്യേക പുനരധിവസ പാക്കേജ് ഉണ്ടാകണം.     Read on deshabhimani.com

Related News