കിണറിനുള്ളിൽ വായ‌് പിളർത്തി ഗുഹ; നടുക്കുന്ന ഓർമയ‌്ക്ക‌് 9 ആണ്ട‌് ചിറ്റാർ ഭയാനകമായിരുന്നു ആ കാഴ്ച്ച. ഒൻപതു വർഷം കഴിഞ്ഞങ്കിലും ഇപ്പോഴും മനസിൽ നിന്ന‌് ആ നടുക്കം വിട്ടുമാറിയിട്ടില്ല.  ഇത് പമ്പാവാലി സ്വദേശി തൈക്കൂട്ടത്തിൽ വീട്ടിൽ ഭാസി. 60 വയസുണ്ട്. ഒൻപത‌് വർഷമായി കുടുംബത്തോടൊപ്പം വീടുവിട്ട് ഇറങ്ങിയിട്ട്.  സ്വന്തമായുള്ള ഏഴ് സെന്റ് ഭൂമിയിൽ സർക്കാർ സഹായത്തോടെ പണിത കൂരയിലാണ് ഇയാളും കുടുംബവും താമസിച്ചിരുന്നത്. അങ്ങനെയിരിക്കെയാണ് പെരുനാട് പഞ്ചായത്തിൽ നിന്ന‌് കിണർ നിർമാണത്തിൽ ഗുണഭോക്താവായി ഭാസിയുടെ കുടുംബത്തെ തെരഞ്ഞെടുത്തത്. തുടർന്ന് വീട്ടുമുറ്റത്ത് കിണറിന്റെ പണി ആരംഭിച്ചു.  ഒരുമീറ്റർ താഴ്ച്ച പിന്നിട്ട് കിണറുപണി മുന്നേറിയപ്പോഴാണ് ജീവിതത്തിന്റെ താളം തെറ്റിച്ച ആ കാഴ്ച്ച കണ്ടത്.  കിണർ കുഴിക്കകത്ത് വലിയ ഒരു ഗുഹ രൂപപ്പെട്ടിരിക്കുന്നു. എട്ടു മീറ്റർ വ്യാസത്തിൽ തെളിഞ്ഞ ഗുഹ തന്റെ വീടിന്റെ രണ്ട് മുറികൾക്ക് താഴെയായാണ് എന്നു മനസിലാക്കിയ ഭാസി നടുങ്ങിപ്പോയി. ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന വീട്ടിൽ പിന്നിട് ഒറ്റ ദിവസം പോലും ഭാസിയും ഭാര്യയും കുഞ്ഞുങ്ങളും കഴിച്ചുകൂട്ടിയില്ല. ഭയന്നു വിറച്ചുപോയ ആ കുടുംബം വീടുവിട്ട് അന്ന് ഇറങ്ങിയതാണ്. തൊട്ടടുത്ത് സഹോദരന്റെ വീട്ടിലാണ് അവർ പിന്നിട്അഭയം പ്രാപിച്ചത്. സംഭവം അറിഞ്ഞ് ജിയോളജി, ദുരന്തനിവാരണ വകുപ്പുകൾ എത്തി പഠനം നടത്തിയിരുന്നു. തുടർന്ന്  10,87,000 രൂപ അനുവദിക്കുകയും ചെയ്തു. വിശദമായ എസ്റ്റിമേറ്റിൻ പ്രകാരം പ്രശ്ന പരിഹാരത്തിന‌് ആവശ്യമായ നിർമാണം നടത്താനായിരുന്നു പണം അനുവദിച്ചത്. റാന്നി ബ്ലോക്ക് അസിസ്റ്റന്റ് എൻജിനീയറായിരുന്നു എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാൽ വർഷം ഒൻപതു കഴിഞ്ഞിട്ടും വീടിനിടയിലെ ഗർത്തം അതേപടി നിൽക്കുന്നു.  ഗവൺമെന്റ് അനുവദിച്ചു എന്നു പറയുന്ന ഒരു രൂപ പോലും ഈ കുടുംബത്തിന് കിട്ടിയിട്ടില്ല. നെഞ്ചിലെ അണയാത്ത തീയുമായി ഭാസിയും കുടുംബവും ജീവിതം കരുപ്പിടിപ്പിക്കാൻ മുഖ്യമന്ത്രിയെ സമിപ്പിക്കാൻ ഒരുങ്ങുകയാണ് .     Read on deshabhimani.com

Related News