റാന്നിയിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജനം ചെയ്യാൻ കർമ്മ പദ്ധതി തുടങ്ങി റാന്നി റാന്നി നിയോജകമണ്ഡലത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാനുള്ള കർമ്മ പദ്ധതി രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർട് ഓഫ് ലിവിംഗിന്റെ സഹകരണത്തോടെയാണ് ഗ്രാമ പഞ്ചായത്തുകളും കുടുംബശ്രീയും ചേർന്ന് പദ്ധതി നടപ്പാക്കുന്നത്. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലും കടകളിലും ഇതിനോടകം ആർട്ട് ഓഫ് ലിവിംഗ് വോളണ്ടിയർമാരും ജനപ്രതിനിധികളും ചേർന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു തുടങ്ങി.  രാജു ഏബ്രഹാം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രളയബാധിത മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരും സിഡിഎസ് ചെയർപേഴ്സൺമാരും പങ്കെടുത്തു. ശനി, തിങ്കൾ ദിവസങ്ങളിലായി പഞ്ചായത്ത് കമ്മിറ്റികൾ വിളിച്ചു ചേർത്ത ശേഷം കുടുംബശ്രീ സിഡിഎസ് യോഗം നടക്കും. വീട്ടുകാർ കരുതിവച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാ വീടുകളിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ ശേഖരിക്കും.        പ്ലാസ്റ്റിക് കുപ്പികൾ ചവിട്ടിയൊതുക്കി പ്രത്യേകം ചാക്കുകളിലാക്കി കെട്ടിവയ്ക്കണം. ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് കിറ്റുകൾ സീലുള്ളവയും ഇല്ലാത്തവയും പ്രത്യേകം തരംതിരിച്ച് വെവ്വേറെ ചാക്കുകളിലാക്കി കെട്ടിവയ്ക്കണം. ക്യാരി ബാഗുകൾ വേറെ ചാക്കുകളിലാണ് സൂക്ഷിക്കേണ്ടത്.ചെളി പുരണ്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴുകി നൽകണം. മറ്റ് മാലിന്യങ്ങൾ ഇതിന്റെ കൂടെ ഇടാൻ പാടില്ല. മറ്റു മാലിന്യങ്ങൾ വേറെ ചാക്കിലാണ് സൂക്ഷിക്കേണ്ടത്. ഇത് പിന്നീട് ശേഖരിക്കും. വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്ത് ഒരു കേന്ദ്രത്തിൽ എത്തിക്കും. എല്ലാ ദിവസവും ആർട്ട് ഓഫ് ലിവിംഗ് പ്രവർത്തകർ ഇവിടെ നിന്നും വാഹനങ്ങളിൽ മാലിന്യം കൊണ്ടുപോയി സംസ്കരിക്കും. വെള്ളപ്പൊക്കം ബാധിച്ച് ദുരിതമനുഭവിക്കുന്ന റാന്നി, അങ്ങാടി, പഴവങ്ങാടി, വടശേരിക്കര, പെരുനാട്, നാറാണംമൂഴി, അയിരൂർ, ചെറുകോൽ പഞ്ചായത്തുകളിലാണ് ഒന്നാം ഘട്ടമായി പ്ലാസ്റ്റിക് മാലിന്യ ശേഖരണം നടത്തുന്നത്. മറ്റ് പഞ്ചായത്തുകളിൽ ഇവ ശേഖരിക്കുന്ന നടപടി തുടങ്ങാം. പഞ്ചായത്ത് പ്രസിഡന്റുമാരായ മോഹൻരാജ് ജേക്കബ്, സശികല രാജശേഖരൻ, മണിയാർരാധാകൃഷ്ണൻ, ബാബു പുല്ലാട്ട്, ജോസഫ് കുര്യാക്കോസ്, വൈസ് പ്രസിഡന്റ് വത്സമ്മ തോമസ് സിഡിഎസ് ചെയർപേഴ്സൺമാർ എന്നിവർ സംസാരിച്ചു.   പഞ്ചായത്ത് മെമ്പർമാരായ ഷൈനി രാജീവ്, അനിത അനിൽകുമാർ, ബിനു സി മാത്യു, ആർട്ട് ഓഫ് ലിവിംഗ് സേവാ കോ ഓർഡിനേറ്റർ സന്തോഷ് കുമാർ, ചന്ദ്രബാബു, രാജൻകുട്ടി, ഡോ. സുനിൽ, സുരേഷ് പുതുശേരിമല എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News