മുരുകമ്മയുടെ വിശേഷം തേടി ഓണനാളിൽ എം ബി രാജേഷ‌്പാലക്കാട‌് തിരുവോണനാളിൽ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ എം ബി രാജേഷ‌് എംപി കഞ്ചിക്കോട‌് അപ‌്നാഘറിൽ എത്തി. അപ‌്നാഘറിൽ എത്തിയയുടൻ  ആദ്യം പോയത‌് പോളിയോബാധിച്ച‌് കിടപ്പിലായ  മുരുകമ്മയുടെ മക്കളുടെ അടുത്തേയ്ക്കാണ്.  സഹോദരിയോട് വിവരങ്ങൾ തിരക്കി. ഈ സമയം മുരുകമ്മ തുണിയലക്കിയിടുന്ന തിരക്കിലായിരുന്നു. ഒലവക്കോട്ടെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ് മുരുകമ്മയും മക്കളും അപ‌്നാഘറിൽ എത്തിയത‌്. കൽപ്പാത്തി തോണിപ്പാളയത്തെ വീട്ടിൽ മക്കളോടൊപ്പം കിടന്നുറങ്ങുമ്പോഴാണ് വെള്ളം ഇരച്ചുകയറിയത്.  ചലനശേഷിയില്ലാത്ത രണ്ടു മക്കളേയും പ്രായപൂർത്തിയാവാത്ത മകളേയും നാട്ടുകാർ രക്ഷിച്ചാണ‌്  ദുരിതാശ്വാസക്യാമ്പിൽ എത്തിച്ചത‌്.  ഇവരുൾപ്പെടെയുള്ള ദുരിതബാധിതരുടെ വിശേഷങ്ങൾ അന്വേഷിച്ചാണ‌് എം ബി രാജേഷ‌് എംപി കഞ്ചിക്കോട്ട‌് എത്തിയത‌്. എംപിക്കൊപ്പം ഷാഫി പറമ്പിൽ എംഎൽഎയും ഉണ്ടായിരുന്നു. ഓരോരുത്തരോടും കാര്യങ്ങൾ തിരക്കി,  ആശങ്കകൾക്ക‌് ആശ്വാസമേകി. സർവതും നഷ‌്ടപ്പെട്ട‌് അപ്നാഘറിൽ എത്തിയ മനുഷ്യരുടെ മുഖത്തെല്ലാം  പ്രതീക്ഷയുടെ ചിരി വിടർന്നു.   ക്യാമ്പിലെ സൗകര്യങ്ങളെക്കുറിച്ച് ആർക്കും പരാതിയില്ല. കുട്ടികൾക്ക‌് കളിക്കാനൊരു ഫുട്ബോൾ വേണമെന്നൊരാവശ്യം ഉന്നയിച്ചപ്പോൾ ഉടൻ തന്നെ അതിനുള്ള ഏർപ്പാടുണ്ടാക്കി. അപ്നാ ഘറിലെ  അടുക്കളയിൽ കുടുംബശ്രീ നേതൃത്വത്തിൽ തിരുവോണ  സദ്യയൊരുക്കി.  ക്യാമ്പിലെ അന്തേവാസികൾക്ക് ഓണക്കിറ്റ‌് വിതരണം ചെയ‌്തിരുന്നു.  ഒരാളും പെരുവഴിയിലാവില്ലെന്ന് എം പി ഉറപ്പ് നൽകി. ആ വാക്കിലുള്ള വിശ്വാസത്തിലാണ് ഞങ്ങളിവിടെ കഴിയുന്നതെന്ന് അവരുടെ മറുപടി.   ശംഖുവാരത്തോട്, സുന്ദരംകോളനി, തോണിപ്പാളയം തുടങ്ങിയ പ്രദേശങ്ങളിലെ  106 കുടുംബങ്ങളിലെ 383 പേരാണ‌് അപ‌്നാഘറിൽ താമസിക്കുന്നത‌്. ക്യാമ്പിലുള്ളവർക്ക‌് വേണ്ട എല്ലാം ഒരുക്കി സർക്കാർ സംവിധാനങ്ങളും ഒപ്പമുണ്ട‌്.   Read on deshabhimani.com

Related News