നെല്ലിയാമ്പതിയുടെ സങ്കടങ്ങൾക്ക് ആശ്വാസം പകര്‍ന്ന് മന്ത്രിനെല്ലിയാമ്പതി പാലക്കാട‌് ജില്ലയിലെ ഏറ്റവും വലിയ വിനോദസഞ്ചാരമേഖലയായ  നെല്ലിയാമ്പതിയിൽ ഉരുൾപൊട്ടൽ തകർത്ത ജീവിതങ്ങുളുടെ ദുരിതം കണ്ടറിഞ്ഞ‌്, അവർക്ക‌് സാന്ത്വനം പകർന്ന‌് മന്ത്രി എ കെ ബാലൻ.  കേരളത്തിനെ പ്രളയം വിഴുങ്ങിയ 15, 16 തീയതികളിലാണ് നെല്ലിയാമ്പതിയിലും ഏറെ നാശംവിതച്ചത‌്. പോത്തുണ്ടി മുതൽ നെല്ലിയാമ്പതിവരെയുള്ള പ്രദേശത്ത‌് 73 ഭാഗങ്ങളിലാണ‌് ശക്തമായ മലയിടിച്ചിൽ ഉണ്ടായത‌്. 12 ഇടങ്ങളിൽ റോഡ‌് തകർന്നു. കുണ്ടറൻചോല പാലം ഒലിച്ചുപോയി. ഇതോടെ നെല്ലിയാമ്പതി ഒറ്റപ്പെട്ടു. അവിടെ അയ്യായിരത്തോളം പേർക്ക‌് പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ടു.  വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങളും ഇല്ലാതായി. ഇതിന‌് പറുമെ  ചെറുനെല്ലി ആദിവാസി കോളനിയിലും ഉരുൾപൊട്ടി. നൂറടിപ്പാലത്തിൽ വെള്ളം ഉയർന്ന‌് കടകളും വീടുകളും മുങ്ങി. എന്നാൽ ദുരന്തത്തിൽ പകച്ചുനിൽക്കാതെ ഉണർന്നുപ്രവർത്തിച്ച സർക്കാർ സംവിധാനങ്ങൾ എല്ലാ മേഖലയിലും ആശ്വാസമെത്തിച്ചു. ചെറുനെല്ലി ആദിവാസി കുടുംബങ്ങളെ നെന്മാറയിലെ ഗേൾസ‌് ഹൈ‌സ‌്കൂളിലേക്ക‌് മാറ്റി. നെല്ലിയാമ്പതിയിൽ 38 ഭക്ഷണവിതരണ കേന്ദ്രങ്ങൾ ആരംഭിച്ച‌് 4,892 പേർക്ക‌് ഭക്ഷണം നൽകുന്നു. ഒരുമാസത്തേക്ക‌് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ വ്യോമസേനയുടെ ഹെലികോപ‌്ടർ വഴി പുലയമ്പാറയിൽ ഇറക്കി. മന്ത്രി എ കെ ബാലൻ, കെ ബാബു എംഎൽഎ എന്നിവരുടെ നിരന്തര ശ്രമഫലമായാണ‌് ഇത്രയും സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കിയത‌്.  തകർന്ന കുണ്ടറൻചോല പാലത്തിൽ മണൽചാക്ക‌ുകൊണ്ട‌് താൽക്കാലിക സംവിധാനമുണ്ടാക്കി ചെറുവാഹനങ്ങൾക്ക‌് പോകാൻ സൗകര്യമൊരുക്കി.  നെല്ലിയാമ്പതി അനുഭവിക്കുന്ന ദുരിതവും സർക്കാർ നൽകിയ സഹായവും വിലയിരുത്താനാണ‌് മന്ത്രി എ കെ ബാലൻ വെള്ളിയാഴ‌്ച നെല്ലിയാമ്പതിയിലെത്തിയത‌്. നെല്ലിയാമ്പതിയിലെ കൈകാട്ടിയിൽ രാഷ്ട്രീയ പാർടി പ്രതിനിധികൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ‌് ഉദ്യോഗസ്ഥർ എന്നിവരുമായി അവലോകനയോഗം ചേർന്നു. നടപ്പാക്കിയ പദ്ധതികളും ഇനി നടപ്പാക്കേണ്ടവയും സംബന്ധിച്ച‌് ചർച്ച നടത്തി. സർക്കാർ ഇതുവരെ ചെയ‌്ത കാര്യങ്ങൾ മികച്ചതാണെന്ന‌് പ്രതിപക്ഷ പാർടിയുടെ പ്രതിനിധിയെന്ന‌് പറഞ്ഞുകൊണ്ട‌്തന്നെ ചിലർ സർക്കാരിനെ അനുമോദിച്ചു. കുട്ടികളുടെ യാത്രാപ്രശ‌്നം പരിഹരിക്കാൻ  നപടിയെടുക്കണമെന്ന ആവശ്യം കലക്ടറെ ചുമതലപ്പെടുത്തി.  തകർന്ന നൂറടിപ്പാലത്തെ വ്യാപാരികളെയും നാട്ടുകാരെയും കണ്ട‌് വിവിരങ്ങൾ ചോദിച്ച‌് മനസ്സിലാക്കി. ‘എല്ലാം തകർന്നു, ഇനി ഒന്നും ബാക്കിയില്ല, ഓണത്തിന‌് ശേഖരിച്ച സാധനങ്ങളും വെള്ളത്തിലാ’യെന്ന‌് 83കാരി സുൽത്താബി പറഞ്ഞപ്പോൾ അവരെ കെട്ടിപ്പിടിച്ച‌് ആശ്വസിപ്പിച്ചു.  നാശം സംഭവിച്ചവയുടെ കണക്കെടുത്ത‌് നഷ്ടപരിഹാരം നൽകുമെന്ന‌് മന്ത്രി  ഉറപ്പ‌് നൽകി. അവിടെനിന്ന‌് പാടഗിരിയിലെ ഭക്ഷണവിതരണ കേന്ദ്രത്തിലേക്ക‌്. ഭക്ഷണം പാകം ചെയ്യുന്ന കുടുംബശ്രീ പ്രവർത്തകരോട‌് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട‌് തോട്ടം തൊഴിലാളികൾ താമസിക്കുന്ന പോത്തുപാറയിലെ ക്വാട്ടേഴ‌്സിലേക്ക‌്. അവിടെനിന്ന‌് പുലയമ്പാറയിലെ ചന്ദ്രാമലയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക‌്. അപ്പോൾ സമയം പകൽ 1.30. ഇതരസംസ്ഥാന തൊഴിലാളികളായ സ‌്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു സംഘം അവിടെ ഭക്ഷണം കഴിക്കുന്നു. അവരോട‌് സുഖവിവരങ്ങൾ ഹിന്ദിയിൽ ചോദിച്ചു. 2011ന‌് ശേഷം പശ‌്ചിമബംഗാളിൽ വലിയ ദുരിതമാണെന്നും അന്ന‌് കേരളത്തിലെത്തിയതാണെന്നും ബംഗാൾ സ്വദേശികൾ പറഞ്ഞു.   മഴക്കെടുതി വന്നശേഷം ജോലിയില്ലാതായി. ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽനിന്നാണ‌് മൂന്ന‌് നേരവും ഭക്ഷണം കഴിക്കുന്നത‌്. ഞങ്ങളുടെ കുടുംബങ്ങളെല്ലാം ഇവിടെന്നാണ‌് ഭക്ഷണം കഴിക്കുന്നതെന്നും ഇവർ മന്ത്രിയെ അറിയിച്ചു. പിന്നീട‌് മന്ത്രി ക്യാമ്പിൽനിന്നുതന്നെ ഭക്ഷണം കഴിച്ചു.  ഇതിനിടെ പുല്ലുകാട‌് ആദിവാസി കോളനിയിലെ നാല‌് സ‌്ത്രീകൾ പരാതിയുമായി എത്തി. ഓണക്കിറ്റ‌് നൽകുന്നുണ്ടെന്നറിഞ്ഞു; തങ്ങൾക്ക‌്  ലഭിച്ചില്ല എന്നായിരുന്നു പരാതി. ഉടൻതന്നെ റവന്യു അധികൃതരെ വിളിച്ചു. കെ ബാബു എംഎൽഎയോടും വിവരങ്ങൾ ചോദിച്ചു. കുണ്ടറൻചോല പാലം തകർന്നതിനാൽ ഓണക്കിറ്റുകൾ എത്തിക്കാൻ കഴിഞ്ഞില്ലെന്ന‌് അറിയിച്ചു.  പുലയമ്പാറയിലെ കലക‌്ഷൻ സെന്ററിൽനിന്ന‌് ഇവർക്കാവശ്യമായ ഭക്ഷ്യവസ‌്തുക്കൾ നൽകാൻ അപ്പോൾതന്നെ നിർദേശം നൽകുകയും ഉദ്യോഗസ്ഥർ ഇവർക്ക‌് കൈമാറുകയും ചെയ‌്തു. എന്ത‌് പാരാതിയുണ്ടെങ്കിലും വെള്ളക്കടലാസ്സില്‍ കെ ബാബു എംഎൽഎയ‌്ക്ക‌് നൽകണമെന്ന‌് ആദിവാസികളോട‌് ആവശ്യപ്പെടുകയും ചെയ‌്താണ‌് മന്ത്രി മടങ്ങിയത‌്. അവിടെവച്ച‌് കെ കൃഷ‌്ണൻകുട്ടി എംഎൽഎ 200 കുട്ടികൾക്കുള്ള ഓണക്കോടി മന്ത്രിക്ക‌് കൈമാറി.  സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ‌്ണദാസ‌്, പി  കെ ബിജു എംപി, ഏരിയ സെക്രട്ടറി കെ രമാധരൻ, ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് പി വി രാമകൃഷ‌്ണൻ, പഞ്ചായത്ത‌് പ്രസിഡന്റ‌് ജിൻസി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News