കുണ്ടറൻ ചോലയിൽ താൽക്കാലികപാലം: പ്രവൃത്തി പുരോഗമിക്കുന്നു

നെല്ലിയാമ്പതിയിലെ കുണ്ടറചോല പാലം പുനഃസ്ഥാപിച്ചപ്പോൾ


കൊല്ലങ്കോട് നെല്ലിയാമ്പതി ചുരം റോഡിൽ തകർന്ന കുണ്ടറൻ ചോല പാലത്തിന് സമാന്തരമായി താൽക്കാലിക ഗതാഗത സംവിധാനമൊരുക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പൊതുമരാമത്ത‌് വകുപ്പിന്റെ മേൽനോട്ടത്തിൽ  25 തൊഴിലാളികളും ഉദ്യോഗസ്ഥരും ചൊവ്വാഴ്ച സിമന്റ് പൈപ്പുകൾ സ്ഥാപിച്ചു. ചാക്കുകളിൽ മണ്ണ് നിറച്ച് താൽക്കാലിക പാർശ്വഭിത്തികളും നിർമിച്ചു .  ബുധനാഴ‌്ച പൈപ്പുകൾ മൂടാനുള്ള പ്രവർത്തി നടക്കും. കുണ്ടറൻ ചോലക്ക് അനുയോജ്യമായ മണ്ണ‌്, പാറപ്പൊടി എന്നിവ ഏതെന്ന് നിശ്ചയിച്ച് ഗർത്തങ്ങൾ നികത്തി നിരപ്പാക്കും. ഇതിനുശേഷം താൽക്കാലികപാലത്തിൽ കൂടി ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കും.  ബുധനാഴ്ചയോടെ ചെറിയ വാഹനങ്ങൾക്ക് കടക്കാൻ കഴിയുമെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പറഞ്ഞു.  തകർന്ന പാലത്തിന് മുകളിലെ പാറക്കൂട്ടം മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് നിരപ്പാക്കി പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ ഒരു ജീപ്പും  രണ്ട് മണ്ണുമാന്തിയന്ത്രവും നെല്ലിയാമ്പതിയിൽ എത്തി. രണ്ട് മണ്ണുമാന്തിയന്ത്രങ്ങൾ എത്തിയതോടെ കുണ്ടറൻ ചോല മുതൽ കൈകാട്ടി വരെ റോഡിലെ തടസ്സം മാറ്റുന്ന പ്രവർത്തനം ത്വരിതഗതിയിലായി.  പിഡബ്ല്യുഡി എക‌്സിക്യുട്ടീവ‌് എൻജിനിയർ പി ശ്രീലേഖ, അസിസ‌്റ്റന്റ‌് എക‌്സിക്യുട്ടീവ‌് എൻജിനിയർ  രാജേഷ്, അസി. എൻജിനിയർ ഇ വിഷ്ണുപ്രദീപൻ,  എന്നിവർ മേൽനോട്ടം വഹിച്ചു. കെ ബാബു എംഎൽഎയും സ്ഥലത്തെത്തി. Read on deshabhimani.com

Related News